ചാവക്കാട്: വഖഫ് ബോർഡ് നിരീക്ഷണത്തിലുള്ള തിരുവത്ര ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ പുത്തൻകടപ്പുറം, പുതിയറ പള്ളിപ്പറമ്പുകളിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ മുൻ മഹല്ല് രക്ഷാധികാരിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവത്ര പുത്തൻകടപ്പുറം നടത്തി കുഞ്ഞിമുഹമ്മദിന് (60) എതിരെയാണ് ചാവക്കാട് എസ്.ഐ ബിപിൻ പി. നായർ കേസെടുത്തത്.
കഴിഞ്ഞ ജനുവരി ഒന്നിനും ജൂൺ രണ്ടിനുമിടയിൽ അഞ്ചു ലക്ഷം വിലമതിക്കുന്ന ആഞ്ഞിലി, പ്ലാവ്, ആര്യവേപ്പ്, അക്കേഷ്യ ഇനത്തിൽപെടുന്ന എട്ട് മരങ്ങൾ മോഷ്ടിച്ച് കടത്തിയെന്നാണ് ഇയാൾക്കെതിരായ കുറ്റം.
2019ലെ ഹൈകോടതി വിധിപ്രകാരം തിരുവത്ര ജമാഅത്തിന്റെ ഭരണം വഖഫ് ബോർഡ് നിശ്ചയിച്ച മുതവല്ലി പൊന്നാനി കെ. നൗഫലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വഖഫ് ബോർഡോ ഇവർ നിശ്ചയിച്ച മുതവല്ലിയോ അറിയാതെയാണ് പള്ളിവക മരങ്ങൾ മുറിച്ചുകടത്തിയത്. മാസങ്ങൾക്ക് മുമ്പാണ് പുതിയറ പള്ളി ഖബർസ്ഥാനിൽനിന്ന് മരങ്ങൾ മുറിച്ചുവിറ്റത്. ഇപ്പോൾ പുത്തൻകടപ്പുറം പള്ളിപ്പറമ്പിലെ മരങ്ങളും മുറിച്ചുവിറ്റതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തുവന്നത്.
പള്ളിക്കും ഖബറുകൾക്കും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചെന്നാണ് കമ്മിറ്റി ഭാരവാഹികളുടെ നിലപാട്. എന്നാൽ, മരങ്ങൾ വിൽക്കാനുള്ള അവകാശം കമ്മിറ്റിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വഖഫ് ബോർഡ് ഉദ്യോഗസ്ഥന്മാരും വഖഫ് വിജിലൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് മുതവല്ലി ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.