ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മണത്തല സ്വദേശികളായ തട്ടിൽ വീട്ടിൽ ദാനിഷ് (19), പണ്ടാരി വീട്ടിൽ ഫൈസൽ (18), വാഴപ്പള്ളി വീട്ടിൽ അജ്മൽ (18) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയായ ദിനനാഥ് എന്ന കണ്ണനെ പിടികൂടാനുണ്ട്. മണത്തല മടേക്കടവ് പുതുവീട്ടിൽ ചാലിൽ വീട്ടിൽ ഷംസുദ്ദീന്‍റെ മകൻ ഹിദായത്തി(21)നെയാണ് നാലംഗ സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 31 ന് ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്ക് സമീപത്തായിരുന്നു ആക്രമണം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഒന്നാം പ്രതിയായ ദിനനാഥ് എന്ന കണ്ണന്‍റെ നേതൃത്വത്തിൽ ഹിദായത്തിനെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മുൻ വൈര്യാഗ്യത്തിന്‍റെ പേരിൽ കയ്യിൽ കരുതിയിരുന്ന കരിങ്കല്ല് കൊണ്ട് മൂക്കിന് ഇടിച്ച് എല്ലു പൊട്ടിച്ചു. രണ്ടാം പ്രതിയായ ദാനിഷ്, മൂന്നും നാലും പ്രതികളായ ഫൈസൽ, അജ്മൽ എന്നിവരും കൃത്യത്തിനു സഹായികളാകുകയും ഹിദായത്തിനെ അടിച്ച് പരിക്കേൽപിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ അവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാവക്കാട് എച്ച്.എസ്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐ. എം. യാസിർ, എ.എസ്.ഐ. ശ്രീരാജ്, സി.പി.ഒമാരായ അനസ്, പ്രദീപ്, എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.