ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് എത്തിയ ആദ്യ വിരുന്നുകാരി 189 മുട്ടകൾ സമ്മാനിച്ച് മടങ്ങിയതോടെ ചാവക്കാട് തീരത്ത് കടലാമകളുടെ പുതിയ സീസൺ ആരംഭിച്ചു. ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് രണ്ട് കടലാമകൾ മുട്ടയിടാനെത്തിയത്. ഈ സീസണിലെ ആദ്യ കടലാമകളാണ് ഇവ.
ഏറെ കാലത്തിനുശേഷം കഴിഞ്ഞ സീസണിലാണ് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാനെത്തിയത്. പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ പ്രവർത്തകർ സ്വാഗതമരുളിയത് 107 കടലാമകളെയാണ്. ഇവ മൊത്തം 10,721 മുട്ടകളിട്ടു. അവയിൽനിന്ന് വിരിഞ്ഞിറങ്ങിയ 2455 കുഞ്ഞുങ്ങളെ കടലിലേക്ക് വിടുകയും ചെയ്തു. രണ്ട് കുഴികളിൽ നിന്നായി ശേഖരിച്ച മുട്ടകൾ സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡൻറ് പി.എ. സെയ്ദുമുഹമ്മദ്, സമിതി അംഗങ്ങളായ പി.എ. നസീർ, കെ.എ. സുഹൈൽ, കെ.എസ്. ഷംനാദ്, പി.എ. നജീബ് എന്നിവർ ചേർന്ന് താൽക്കാലിക ഹാച്ചറിയിലേക്ക് മാറ്റി.
45 ദിവസം കഴിഞ്ഞാണ് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുക. ചാവക്കാട് മേഖലയിൽ ബ്ലാങ്ങാട്, തിരുവത്ര പുത്തൻ കടപ്പുറം, എടക്കഴിയൂര്‍, പഞ്ചവടി, അകലാട്, മന്ദലാംകുന്ന്, പാപ്പാളി, കുമാരൻപടി, പെരിയമ്പലം തുടങ്ങിയ തീരങ്ങളിലാണ് പതിവായി കടലാമകൾ മുട്ടയിടാനെത്തുന്നത്. ഈ മേഖലകളിൽ കടലാമ സംരക്ഷണ സമിതികള്‍ സജീവമാണ്. മേഖലയിൽ മൊത്തമെത്തിയത് 250ഓളം കടലാമകളാണ്.
ഈ ഭാഗത്ത് കടൽ ഭിത്തിയില്ലെന്നുള്ളതാണ് കടലാമകളെ ആകർഷിക്കുന്നവയിൽ പ്രധാന ഘടകകങ്ങളിലൊന്ന്. ഒലീവ് റിഡ്ലി ഇനത്തിൽപെട്ട കടലാമകളാണ് ഇവിടെയെത്തുന്നത്. വംശനാശത്തിൽ മുൻപന്തിയിലുള്ള ജീവി വംശത്തിൽ പെട്ടതാകയാൽ കടലാമകളെ വേട്ടയാടുന്നതും മുട്ടകൾ മോഷ്ടിക്കുന്നതും വലിയ കുറ്റമാണ്. അതിനാൽ ചാവക്കാട് തീരമേഖല കണ്ണിലെണ്ണയൊഴിച്ചാണ് ഈ വിരുന്നുകാരെ സ്വീകരിക്കുന്നതും അവയുടെ മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുന്നതും. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് കടലാമ സംരക്ഷണത്തിന് വേണ്ട ഹാച്ചറിയും മറ്റ് സഹായങ്ങളും വളരെ പരിമിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.