ചാവക്കാട്: തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തെത്തിച്ച ഗുരുവായൂർ നിയോജക മ ണ്ഡലത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന മൂന്നെണ്ണമുൾപ്പടെ അഞ്ച് പഞ്ചായത്തുകളിൽ മേൽക്കൈ യു.ഡി.എഫിന്. എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടകളിൽ രണ്ടിടത്ത് എൻ.ഡി.എ. അരനൂറ്റാണ്ടിലേറെ കാലമായി എൽ.ഡി.എഫ് ഭരിക്കുന്ന സി.പി.എം കോട്ടയായ പുന്നയൂർക്കുളത്ത് അവർ മൂന്നാം സ്ഥാനത്തായി. എൽ.ഡി.എഫ് ഭരിക്കുന്ന പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഒന്നാമതെത്തിയത്. പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫ് 7828 വോട്ട് നേടി മുന്നിലെത്തിയപ്പോൾ 6277 വോട്ടുകളുമായി രണ്ടാമതെത്തിയത് എൻ.ഡി.എയാണ്. 6000 വോട്ടാണ് എൽ.ഡി.എഫിന് ലഭിച്ചത്.
കഴിഞ്ഞ പ്രാവശ്യം ടി.എൻ. പ്രതാപന് ഏറ്റവും കൂടുതൽ വോട്ട് നൽകിയ പുന്നയൂർ പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്. മണ്ഡലത്തിൽ 11,454 വോട്ടുമായി കെ. മുരളീധരനെയും പുന്നയൂർ പഞ്ചായത്ത് മുന്നിലെത്തിച്ചു. യു.ഡി.എഫ് ഭരിക്കുന്ന വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളിൽ ആധിപത്യം നിലനിർത്തിയ യു.ഡി.എഫ് എൽ.ഡി.എഫ് ഭരിക്കുന്ന ഒരുമനയൂർ പഞ്ചായത്തിലും മുന്നിലെത്തി. രണ്ട് നഗരസഭകളും ആറ് പഞ്ചായത്തുകളുമാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിലുള്ളത്. ഇതിൽ രണ്ട് നഗരസഭകളും നാല് പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫാണ്.
ഗുരുവായൂർ നഗരസഭയും ഏങ്ങണ്ടിയൂർ പഞ്ചായത്തും സുരേഷ് ഗോപിയെടുത്തതോടെ ചാവക്കാട് നഗരസഭ മാത്രമായി എൽ.ഡി.എഫിന്റെ കൈയിൽ. ചാവക്കാട് നഗരസഭയിൽ 9133 വോട്ടുമായി എൽ.ഡി.എഫ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 8376 നേടി യു.ഡി.എഫ് തൊട്ടുപിറകിലെത്തി.
ഗുരുവായൂർ നഗരസ്ഥയുടെ ഭാഗമാണെങ്കിലും പഴയ പൂക്കോട് പഞ്ചായത്ത് മേഖലയിലും എൻ.ഡി.എയാണ് ഒന്നാമതെത്തിയത്. ഗുരുവായൂർ നഗരസഭ, പൂക്കോട്, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിൽ യു.ഡി.എഫാണ് മൂന്നാം സ്ഥാനത്ത്. മണ്ഡലത്തിൽ യു.ഡി.എഫിന് ഇത്തവണ 57924 വോട്ടും എൽ.ഡി.എഫിന് 50519 വോട്ടും എൻ.ഡി.എക്ക് 45049 വോട്ടുമാണ് ലഭിച്ചത്. എൽ.ഡി.എഫിനെക്കാൾ യു.ഡി.എഫിന് 7406 വോട്ടാണ് കൂടുതൽ ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.കെ. അക്ബറിന് 18,268 വോട്ടായിരുന്നു ഭൂരിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.