ചാവക്കാട്: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് ബഹിഷ്കരിച്ചു. മുന്നണി ധാരണയനുസരിച്ച് മുസ്ലിം ലീഗിലെ മന്ദലാംകുന്ന് മുഹമ്മദുണ്ണി രാജിവെച്ച ഒഴിവിൽ പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വിളിച്ച യോഗമാണ് മതിയായ അംഗങ്ങളില്ലാത്തതിനാൽ മാറ്റിയത്.
വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ആകെ 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിൽ കോൺഗ്രസിന് നാലും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എമ്മിന് അഞ്ചും എൻ.സി.പിക്ക് ഒരംഗവുമുണ്ട്. പുതിയ തീരുമാനമനുസരിച്ച് ലീഗിലെ കെ. ആഷിതയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. സ്ഥാനമൊഴിഞ്ഞ മന്ദലാംകുന്ന് മുഹമ്മദുണ്ണി ബുധനാഴ്ച ഹജ്ജിന് പോയതോടെ ഇരു മുന്നണിക്കും തുല്യ അംഗങ്ങളായി.
വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് പങ്കെടുക്കാനാവാത്തതിനാൽ യു.ഡി.എഫിലെ ബാക്കി അഞ്ച് അംഗങ്ങളും നേതൃത്വ തീരുമാനമനുസരിച്ച് മാറിനിൽക്കുകയായിരുന്നു. 13 പേരിൽ ഏഴ് അംഗങ്ങളുണ്ടെങ്കിൽ മാത്രമാണ് ക്വാറം തികയുക. അതിനാൽ ആറ് അംഗങ്ങളുള്ള എൽ.ഡി.എഫിനെ വെച്ച് യോഗനടപടികൾ ആരംഭിക്കാനാവാത്തതിനാൽ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയുമായിരുന്നു.
ടൗൺ പ്ലാനർ കെ.ആർ. രാജിവാണ് വരണാധികാരി. ഒന്നരമാസം മുമ്പ് വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ മന്ദലാംകുന്ന് മുഹമ്മദുണ്ണി ഹജ്ജിനുപോകുമെന്ന് നേരത്തേ അറിഞ്ഞ എൽ.ഡി.എഫ് അദ്ദേഹം പോയ ശേഷം തെരഞ്ഞെടുപ്പ് നടത്താൻ അധികൃതരുമായി ചേർന്ന് നടത്തിയ നീക്കമാണിതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം.
വിദേശത്തായിരുന്ന എൻ.സി.പിയിലെ എ.എസ്. ശിഹാബ് നാട്ടിലെത്തിയത് കഴിഞ്ഞദിവസമാണ്. അദ്ദേഹം വരുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്നാണ് മുസ്ലിം ലീഗ് നേതാക്കളായ പി.വി. ഉമ്മർകുഞ്ഞ്, അബൂബക്കർ, കോൺഗ്രസ് നേതാവ് സി. മുസ്താക്കലി എന്നിവരുടെ വിശദീകരണം.
അതേസമയം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എത്താത്തതിനാൽ അഞ്ച് അംഗങ്ങളുമായി എൽ.ഡി.എഫിനെ നേരിട്ടാലുള്ള പരാജയ ഭീതിയാണ് ബഹിഷ്കരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് എൽ.ഡി.എഫ് അംഗങ്ങളായ ഫാത്തിമ ലീനസ്, ഷൈനി ഷാജി, ജിസ്ന ലത്തീഫ്, ഗ്രീഷ്മ സനോജ്, ബിജു പള്ളിക്കര, എ.എസ്. ശിഹാബ് എന്നിവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.