ചാവക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ പൊടുന്നനെ ഏകീകൃത സിവിൽ കോഡ് എടുത്തിട്ടതിനു പിന്നിൽ തെരഞ്ഞെടുപ്പിന്റെ അജണ്ട വർഗീയമാക്കി മാറ്റുകയെന്ന ലക്ഷ്യമാണന്ന് മന്ത്രി എം.ബി. രാജേഷ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി.പി.എം ചാവക്കാട്ട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത പാർലമെന്റ് തെരഞ്ഞടുപ്പിനു മുമ്പ് വർഗീയ അജണ്ടകൾ മുഴുവൻ ഉയർത്തിക്കൊണ്ടുവന്ന് നാട്ടിൽ മുഴുവൻ കലാപം സൃഷ്ടിക്കുക, ചേരിതിരിവ് സൃഷ്ടിക്കുക, അതിലൂടെ ഭൂരിപക്ഷത്തിന്റെ വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പൊടുന്നനെ ഏകീകൃത സിവിൽ നിയമം എന്ന പ്രശ്നം മോദി എടുത്തിട്ടതെന്ന് രാജേഷ് പറഞ്ഞു.
മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. അബ്ദുൽ ഖാദർ, എൻ.കെ. അക്ബർ എം.എൽ.എ, എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി അംഗം ഷഫീഖ് ഫൈസി കായംകുളം, സുന്നി മഹല്ല് മാനേജ്മെന്റ് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. അലി അബ്ദുല്ല, ജീവൻ ടി.വി ഡയറക്ടർ പി.ജെ. ആന്റണി, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് അഡ്വ. കെ.ആർ. വിജയ, ഗുരുവായൂർ, ചാവക്കാട് നഗരസഭ അധ്യക്ഷരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ് സ്വാഗതവും ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.