ചാവക്കാട്: കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾക്കുള്ള ജലസംഭരണി നിർമാണം അടിയന്തര പ്രാധാന്യം നൽകി ആരംഭിക്കാൻ ഗുരുവായൂർ മണ്ഡലം ജൽജീവൻ മിഷൻ അവലോകന യോഗത്തിൽ തീരുമാനം. കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട്, ഒരുമനയൂർ പഞ്ചായത്തിലെ തങ്ങൾപ്പടി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികൾക്കാണ് ജലസംഭരണികൾ നിർമിക്കുന്നത്. എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷത വഹിച്ചു.ജൽജീവൻ മിഷൻ പ്രവൃത്തികൾക്കായി പൊളിച്ച റോഡുകൾ അടിയന്തരമായി പുനർനിർമിക്കാൻ എം.എൽ.എ നിർദ്ദേശം നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവീകരണ ഫണ്ട് വിനിയോഗിച്ച് പുനർനിർമിക്കേണ്ട റോഡുകൾ ജനുവരി 30നകവും മറ്റു റോഡുകൾ ഫെബ്രുവരി 15നകവും പൂർത്തീകരിക്കാൻ നിർദേശിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പ് മാറ്റുന്നത് ചർച്ച ചെയ്യാൻ എൻ.എച്ച്.ഐ, ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജനുവരി 11ന് പ്രത്യേക യോഗം ചേരും. ജൽജീവൻ മിഷൻ പ്രവൃത്തികൾ തദ്ദേശ ഭരണ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കണമെന്നും എം.എൽ.എ നിർദേശം നൽകി.
ജൽജീവൻമിഷൻ പദ്ധതികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ പൊളിച്ച റോഡുകൾ പുനരുദ്ധീകരിക്കാൻ ആവശ്യമായ ഫണ്ട് ധനകാര്യ കമീഷൻ ടൈഡ് ഗ്രാന്റിൽനിന്ന് ലഭ്യമാക്കി പ്രവൃത്തി ചെയ്യാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. ചാവക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രൻ, വിജിത സന്തോഷ്, ജാസ്മിൻ ഷഹീർ, ഗീതു കണ്ണൻ, എൻ.എം.കെ. നബീൽ, ജല അതോറിറ്റി എക്സി.എൻജിനീയർ സുരേന്ദ്രൻ, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.