ചാവക്കാട്: കടൽക്ഷോഭത്തിൽ നിലംപതിച്ച കാറ്റാടി മരങ്ങൾ കടലിൽ താഴ്ന്നതിൽ മത്സ്യത്തൊഴിലാളികൾ കലക്ടർക്ക് കൂട്ടമായി ഒപ്പിട്ട ഹരജി നൽകി. 120ലേറെ മത്സ്യത്തൊഴിലാളികളാണ് ഹരജിയിൽ ഒപ്പിട്ടത്. പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് മുതൽ പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ വരെയുള്ള തീരക്കടലിലാണ് കാറ്റാടി മരങ്ങൾ മണ്ണിൽ താഴ്ന്ന് കിടക്കുന്നത്.
ചെറുവഞ്ചിക്കാർക്കും വീശുവലക്കാർക്കുമാണ് ഇവ ദുരിതമുണ്ടാക്കുന്നത്. തീരക്കടലിൽ വല വിരിക്കുമ്പോൾ കടലിലെ മരക്കൊമ്പുകളിൽ കുരുങ്ങി വലകൾക്ക് നാശമുണ്ടാകുന്നത് പതിവാണ്. അമ്മുണ്ണി ഇബ്രാഹിമിന്റകത്ത്, ഹംസു പാപ്പാളി, മൊയ്ദീൻ പടിഞ്ഞാറയിൽ, ഹൈദർ തെക്കേകാട്ടിൽ, കോൽക്കാരൻ ഹനീഫ, ശ്രീജിത്ത് ഭരതൻ, ഹനീഫ കറുത്താക്ക എന്നിവരുടെ വലകളാണ് അടുത്തിടെ നശിച്ചത്. 3000 മുതൽ 7000 രൂപ വിലയുള്ള വലകളാണ് പൊളിഞ്ഞുനശിച്ചത്.
കടലിലെ ചളിയിൽ ആഴ്ന്ന് കിടക്കുന്ന വലിയ കാറ്റാടി മരങ്ങൾ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് കെട്ടിവരിഞ്ഞ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വലിയ ചെലവ് വരുന്ന ഈ പ്രവൃത്തി മത്സ്യത്തൊഴിലാളികൾക്ക് താങ്ങാൻ പറ്റാത്തതാണ്. വിഷയത്തിൽ അടിയന്തരമായി സർക്കാർ നടപടിയുണ്ടാകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.