ചെറുതുരുത്തി: ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വൻ ലഹരി വേട്ട. ഏഴ് ചാക്കുകളിലായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നമായ ഹാൻസിന്റെ 11475 പാക്കറ്റുകൾ ചെറുതുരുത്തി എസ്.ഐ കെ.ആർ. വിനു രാജും സംഘവും പിടിച്ചെടുത്തു. മാർക്കറ്റിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ ലഹരിവസ്തു.
കോളജ് വിദ്യാർഥികൾക്കായി ബംഗളൂരുവിൽനിന്ന് കാറിൽ കൊണ്ടുവന്ന ഹാൻസാണ് കൊച്ചിൻ പാലത്തിനു സമീപം തിങ്കളാഴ്ച ഉച്ചക്ക് 3.30ന് പിടിച്ചെടുത്തത്. എസ്.ഐക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒറ്റപ്പാലം പനമണ്ണ പഴനിക്കരവീട്ടിൽ നാരായണൻമകൻ ഉണ്ണികൃഷ്ണന്റെ (39) ഇന്നോവ കാറിൽനിന്ന് ഹാൻസ് പിടിച്ചെടുത്തത്.
പ്രതിയെ കസ്റ്റഡിയിലെടുത്തു. കടകളിൽ ഹാൻസ് ഹോൾസെയിൽ വിലക്ക് കൊടുക്കുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് മൂന്ന് കോളജുകളും ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുള്ള കടകളിൽ കൊടുക്കാൻ വേണ്ടിയാണ് ഇത് കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
മുമ്പ് ഏതെങ്കിലും കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എ.എസ്.ഐ സാജൻ, ഉദ്യോഗസ്ഥന്മാരായ സനൽ, വിജയൻ, അനീഷ്, ശ്രീകാന്ത്, ജയകുമാർ, ജോബിൻ, ലിജോ എന്നിവരടങ്ങളുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.