ചെറുതുരുത്തി: സ്നേഹപൂർവം എന്നെ വിളിക്കാൻ ഇനി ഉപ്പ ഇല്ല എന്ന വിഷമത്തിലാണ് ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തിലെ അവതാരിക മീര പുഷ്പരാജ്. എഫ്.എമ്മിൽ രാവിലെ സുഭാഷിതം പരിപാടി അവതരിപ്പിക്കുന്ന തിരൂരങ്ങാടി കക്കാട് പത്മരാഗത്തിലെ മീര പുഷ്പരാജിന് ചെറുതുരുത്തി പുഴങ്കര ഇല്ലത്ത് വീട്ടിൽ ഡോ. പി.എം. അബ്ദുറഹിമാൻ (94) പിതൃസ്ഥാനീയനായിരുന്നു. നാലുവർഷം മുമ്പാണ് ആകാശവാണിയിലെ സുഭാഷിതം പരിപാടി കേട്ട അബ്ദുറഹിമാൻ മീര പുഷ്പരാജിനെ ഫോണിൽ വിളിച്ച് അവതരണം നന്നായിട്ടുണ്ടെന്ന് അറിയിച്ചത്.
അന്നുതുടങ്ങിയതാണ് ഇവർ തമ്മിലുള്ള ബന്ധം. അബ്ദുറഹിമാനെയും കുടുംബത്തെയും കാണാൻ രണ്ടുതവണ മീര ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ഓരോ തവണയും മണിക്കൂറുകളോളം സമയം ചെലവഴിച്ചാണ് മടങ്ങിയത്. തന്നെ മകളെപ്പോലെ സ്നേഹിക്കുന്ന ഈ വയോധികർ അധിക ദിവസങ്ങളിലും ഫോണിലൂടെ ബന്ധപ്പെടുമായിരുന്നുവെന്ന് മീര പറയുന്നു. 10 ദിവസം മുമ്പ് അബ്ദുറഹിമാെൻറ ഭാര്യ കദീജ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. പത്താം ദിവസം ഡോ. അബ്ദുറഹിമാനും മരിച്ചു. ഉമ്മയെയും ഉപ്പയെയും അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ടെന്ന് മീര പുഷ്പരാജ് പറഞ്ഞു.
നിരവധി പാവപ്പെട്ടവരെ പണം വാങ്ങാതെ ചികിത്സിക്കുന്ന ഹോമിയോ ഡോക്ടറായ അബ്ദുറഹിമാൻ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. ജമാഅത്തെ ഇസ്ലാമിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന പൊതുപ്രവർത്തകനും പ്രബോധനം, മലർവാടി, മാധ്യമം എന്നിവയുടെ ആദ്യകാല ഏജൻറുമായിരുന്നു. അറബി വിവർത്തന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കൾ: ഐഷ ബീവി, യൂസുഫ് സിദ്ദീഖ്, സൽമ, യഹ്യ നാസർ, മുഹമ്മദ് അഷ്റഫ്, അബ്ദുസ്സലാം. മരുമക്കൾ: അബ്ദുൽ അസീസ്, ഹബീബ, റംലത്ത്, സജ്ന, മെഹറുബാൻ, പരേതനായ എം.എം. അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.