ചെറുതുരുത്തി: ദേശീയ മത്സ്യ കർഷക ദിനത്തിൽ മുള്ളൂർക്കര പഞ്ചായത്തിന്റെ ഏറ്റവും മികച്ച മത്സ്യ കർഷകനുള്ള അവാർഡ് ലഭിച്ച സന്തോഷത്തിൽ മരക്കാർ. പ്രവാസിയായിരുന്ന മുള്ളൂർക്കര ഇരുനിലം കോട്കുന്നത്ത് പീടികയിൽ കെ.കെ. മരക്കാർ എന്ന നാട്ടുകാരുടെ തങ്കക്കായിയെ (65) തേടിയാണ് പുരസ്കാരമെത്തിയത്. ജില്ലതല മത്സ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.വി. നഫീസ അവാർഡ് സമ്മാനിക്കും.
1981ൽ 3000 രൂപ വിസക്ക് കൊടുത്താണ് മുംബൈയിൽനിന്ന് സൗദിയിലെ അഫാർ അൽ ബത്തീനിലെ കടയിൽ ജോലിക്കായി പോയത്. എന്നാൽ, അറബി ആദ്യം വിട്ടത് മരുഭൂമിയിലെ ആടിനെ മേയ്ക്കാനും കൃഷി ചെയ്യാനുമായിരുന്നു. വീട്ടിലെ കാര്യം ആലോചിച്ച് എല്ലാം സഹിച്ച് ജോലി ചെയ്തു. കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റ സംഭവവും നിരവധി തവണ ഉണ്ടായി. 12 വർഷം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും തിരിച്ചു പോയി.
ഒടുവിൽ 28 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മരക്കാർ പഞ്ചായത്തിലെ മത്സ്യകൃഷി കോഓഡിനേറ്റർ ഡോ. കെ.എം. അബ്ദുൽ സലാമിന്റെ നിർദേശത്തിലാണ് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. സർക്കാർ സഹായത്തോടെ വിവിധതരം മത്സ്യകൃഷി ആരംഭിക്കുകയായിരുന്നു. ജോലിയെല്ലാം മരക്കാർ തന്നെയാണ് ചെയ്തിരുന്നത്. പിന്നീട് എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.