ചെറുതുരുത്തി: സി.ഐ സഞ്ചരിച്ച വാഹനം ഇടിച്ച് നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മ ദുരിതക്കയത്തിൽ. ചികിത്സയിൽ കഴിയുന്ന വീട്ടമ്മ പൊലീസ് കൈയൊഴിഞ്ഞതോടെ പലരുടെയും സഹായത്തോടെയാണ് കഴിയുന്നത്. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം ആൽത്തറക്ക് സമീപം തേറുങ്ങാട്ടിൽ വീട്ടിൽ രാജഗോപാലന്റെ ഭാര്യ രജനിക്കാണ് (41) മേയ് 11നുണ്ടായ അപകടത്തിൽ പരിക്കേറ്റത്. രജനിയും കൂട്ടുകാരി സുജയും സുജയുടെ സ്കൂട്ടറിൽ കുളപ്പുള്ളിയിലേക്ക് പോകുമ്പോൾ വലതുവശത്തെ റോഡിലേക്ക് തിരിയുന്നതിനിടെ കുളപ്പുള്ളി ഭാഗത്തുനിന്നെത്തിയ പൊലീസ് ജീപ്പ് സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. പിന്നിലിരുന്ന രജനിക്ക് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ജീപ്പിൽ ഒറ്റപ്പാലത്തെ സി.ഐയും യൂനിഫോമില്ലാത്ത ആളുമാണ് ഉണ്ടായിരുന്നതെന്ന് ഇവർ പറയുന്നു.
നട്ടെല്ലിനു പരിക്കേറ്റ ഇവർ അരയിൽ ബെൽറ്റ് ഇട്ട് വീട്ടിൽ കിടപ്പിലാണ്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. പൊലിസ് ഉദ്യോഗസ്ഥർ ചികിത്സാചെലവ് മുഴുവൻ വഹിക്കാമെന്നും കേസൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസം ആശുപത്രി വിട്ടു. 28,000 രൂപയായിരുന്നു ആശുപത്രി ബില്ല്. കൈയിൽ പണമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ തരുമെന്നും പറഞ്ഞ് ഇവർ പോന്നു. കുറച്ചുദിവസം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ബില്ലടയ്ക്കാൻ പറഞ്ഞ് ഫോൺവിളി വന്നു. പൊലീസുമായി ബന്ധപ്പെട്ടപ്പോൾ മുഴുവൻ പണം നൽകാമെന്നു പറഞ്ഞതിൽ നിന്ന് അവർ പിന്മാറി. ചർച്ചകൾക്കുശേഷം പകുതി പണം മാത്രം പൊലീസ് നൽകി. ബാക്കി തുക രജനി അടയ്ക്കേണ്ടിവന്നു. നട്ടെല്ലിന് ക്ഷതം ഏറ്റതിനെ തുടർന്ന് കിടന്ന കിടപ്പിലാണ് രജനി ഇപ്പോൾ. ആറുമാസമെങ്കിലും വലിയ ജോലികളൊന്നും ചെയ്യരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സുജയുടെ പേരിൽ പൊലീസ് കേസെടുത്തു. രജനി ഷൊർണൂർ പൊലീസിലും മറ്റും പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രജനിയുടെ ഭർത്താവ് രാജഗോപാൽ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുമുണ്ട്. ചികിത്സച്ചെലവുകൾക്കായി ഇവർ ഏറെ ബുദ്ധിമുട്ടിലാണ്. വാഹനാപകട ഇൻഷുറൻസ് തുകയെങ്കിലും കിട്ടിയിരുന്നെങ്കിൽ വലിയ സഹായമായേനെയെന്ന് ഇവർ പറഞ്ഞു. മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി നീതി ലഭിക്കുന്നതും കാത്തിരിക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.