ചെറുതുരുത്തി: മനുഷ്യരോട് അധികം ചങ്ങാത്തം കൂടാത്ത പക്ഷിയാണ് പരുന്ത്. എന്നാൽ, ചെറുതുരുത്തി കുളമ്പ് മുക്ക് കുളമ്പിൽ പടിഞ്ഞാക്കര വീട്ടിൽ റഫീഖ് എന്ന ബാപ്പുട്ടിയുടെ വീട്ടിലെ കാവൽക്കാരനാണ് മണിക്കുട്ടൻ എന്ന് പേരിട്ടിരിക്കുന്ന ഒരു പരുന്ത്.
കഴിഞ്ഞമാസം റഫീഖിന്റെ വീട്ടുവളപ്പിൽ കാലിൽ പരിക്കുപറ്റി ചോര ഒലിക്കുന്ന നിലയിലാണ് പരുന്തിനെ ആദ്യം കണ്ടെത്തുന്നത്. ഉടനെ മരുന്നുവെച്ച് കെട്ടി വിട്ടയച്ചു. പിറ്റേദിവസം വീടിന്റെ ടെറസിൽ കണ്ടു. ഭക്ഷണം കൊടുത്തെങ്കിലും ആദ്യം ഒന്നും കഴിച്ചില്ല. ഇപ്പോൾ ദിവസത്തിൽ മൂന്നുതവണ ഭക്ഷണം കഴിക്കാൻ വീട്ടിൽ വരും. ദിവസവും കാൽക്കിലോ മീനും ഇറച്ചിയും ബിസ്കറ്റും പഴവുമൊക്കെയാണ് ഭക്ഷണം. ഭക്ഷണ ശേഷം വീടിന് മുകളിൽ പോയിരിക്കും. അപരിചിതരായ ആളുകളെ കണ്ടാൽ ഉടനെ ഒച്ചവെക്കുകയും ബഹളം വെക്കുകയും ചെയ്യും. അടുത്തിടെ വീട്ടുവളപ്പിൽ പാമ്പിനെ കണ്ടപ്പോൾ ബഹളംവെച്ച് വീട്ടുകാരെ അറിയിക്കുകയും പാമ്പിനെ കൊല്ലുകയും ചെയ്തു. വീട്ടിലേക്ക് വരുന്ന പൂച്ചയെയും നായെയുമെല്ലാം ബഹളം വെച്ച് ഓടിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ദേഹത്ത് തൊട്ടു കളിക്കാൻ ആരെയും സമ്മതിക്കില്ല. റഫീഖ് നിരവധി തവണ പരുന്തിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അതിനുമാത്രം നിന്നു കൊടുത്തിട്ടില്ല. വിവരമറിഞ്ഞ് നാട്ടിലെ പല ആളുകളും പരുന്തിനെ കാണാൻ വീട്ടിൽ എത്തുന്നുണ്ട്. ഇവർ മണിക്കുട്ടാ എന്ന് വിളിച്ചാൽ അടുത്തുള്ള മരത്തിൽ വന്ന് നിൽക്കും. പരിസരം എല്ലാം വീക്ഷിച്ച ശേഷമേ വീടിന്റെ വരാന്തയിലേക്ക് കയറൂ. പുറത്തുനിന്ന് ആളുകൾ കൊണ്ടുവരുന്ന ഭക്ഷണം കൊടുത്താൽ കഴിക്കില്ല. റഫീഖും ഭാര്യയും കുട്ടികളും കൊടുക്കുന്ന ഭക്ഷണം മാത്രമേ ഭക്ഷിക്കാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.