ചെറുതുരുത്തി: പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം ക്ഷേമാവതിയുടെ അഞ്ചുദിവസങ്ങളിലായി നടക്കുന്ന മോഹിനിയാട്ട കളരിക്ക് തിങ്കളാഴ്ച കൂത്തമ്പലത്തിൽ തിരി തെളിയും. കലാമണ്ഡലത്തിനുവേണ്ടി ആദ്യമായി ചെയ്യുന്ന പരിശീലനക്കളരിയാണിത്. മോഹിനിയാട്ട കളരിയിൽ പങ്കെടുക്കാൻ വിദേശികളും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി ഇരുപതോളം മുതിർന്ന മോഹിനിയാട്ടം നർത്തകികൾ എത്തും.
ആദ്യകാല മോഹിനിയാട്ടം ഗുരുക്കളായ ചിന്നമ്മ അമ്മ, കലാമണ്ഡലം സത്യഭാമ എന്നിവരുടെ കീഴിൽ മോഹിനിയാട്ടത്തിൽ അഭ്യസനം സിദ്ധിച്ച ക്ഷേമാവതി ഈ പ്രായത്തിലും അരങ്ങിലെത്തുമ്പോൾ കാണികൾക്ക് അനുഭൂതിയാകും. മോഹിനിയാട്ടത്തിലെ മുതിർന്ന കലാകാരന്മാർക്ക് കലാമണ്ഡലം ശൈലിയുടെ സവിശേഷതകളും സങ്കീർണ സങ്കേതങ്ങളും മനസ്സിലാക്കുന്നതിനും അതുവഴി തങ്ങളുടെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പരിശീലനക്കളരി ഉപകരിക്കും.
മോഹിനിയാട്ടക്കളരി കേരള കലാമണ്ഡലത്തിൽ 27 മുതൽ 31 വരെയാണ് നടക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്രശസ്ത കഥകളി നടനും കലാമണ്ഡലത്തിലെ മുൻ പ്രിൻസിപ്പലുമായ കലാമണ്ഡലം എം.പി.എസ് നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. ഭരണസമിതി അംഗങ്ങളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.