ചെറുതുരുത്തി: ഭാരതപ്പുഴയിൽ കുടിവെള്ളത്തിനുവേണ്ടി കോടികൾ ചെലവഴിച്ച് നിർമിച്ച തടയണ മണ്ണ് മാന്തി യന്ത്രം കൊണ്ട് പൊളിച്ച് നീക്കി. നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈങ്കുളം പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കാനാണ് വാഴാലിക്കാവിന് സമീപം വർഷങ്ങൾക്കു മുമ്പ് നിർമിച്ച ഉരുക്കു തടയണ പൊളിച്ചത്. വെള്ളം ഒഴുകി എത്താൻ തടയണയുടെ പത്തു മീറ്ററോളം ദൂരമാണ് ചാലുകീറിയത്. ഭാരതപ്പുഴയിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് മോട്ടോർ അടിച്ച് വിവിധ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനായിരുന്നു ശ്രമം.
എന്നാൽ, പരാജയപ്പെട്ടതോടെ തടയണയിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ഹൗസിലേക്ക് എത്തിക്കാൻ തടയണ പൊളിക്കുകയായിരുന്നു. അഞ്ച് കോടി ചിലവിട്ട് നിർമിച്ച ഉരുക്കു തടയണ കൃഷിക്കും കുടിവെള്ളത്തിനും ഏറെ പ്രയോജനകരമായിരുന്നു. 2018ലെ പ്രളയത്തിൽ മാന്നന്നൂർ വശത്തെ പാടശേഖരത്തിലെ മണ്ണൊലിച്ചുപോയി തടയണ കുറച്ചു തകർന്നു പുഴ ഗതിമാറി ഒഴുകി. ഇതു നന്നാക്കാത്തതിനാൽ നിരവധി പഞ്ചായത്തുകൾക്കും വടക്കാഞ്ചേരി നഗരസഭക്കും വെള്ളമെത്തിക്കുന്ന പൈങ്കുളം പമ്പ് ഹൗസിനു വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു.
പുഴ ഗതിമാറിയൊഴുകിയ ഭാഗത്തുകൂടിയാണ് വെള്ളം ഒഴുകിയിരുന്നത്. പുഴയിലൂടെ ചാലുകീറിയിട്ടും ജലനിരപ്പു ഉയരാത്ത സാഹചര്യത്തിലാണ് ഉരുക്കു തടയണ കുറച്ചുദൂരം പൊളിച്ച് വെള്ളം എത്തിക്കാൻ നടപടി എടുത്തത്. അതേസമയം, വാഴാലിപ്പാടം-മാന്നന്നൂർ ഉരുക്കു തടയണ പുനർനിർമിക്കാൻ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 12.60 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണം അടുത്ത് തന്നെ ആരംഭിക്കാനിരിക്കുകയാണ്. തടയണ പുനർനിർമാണം പൂർത്തിയാകുന്നതോടെ പഴയ ജലസമൃദ്ധമായ നിലയിലേക്കു പുഴ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.