ചെറുതുരുത്തി: കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന ആറ് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ദേശമംഗലം ഒലിച്ചി ചേനത്തുകാട് വാലിക്കുളങ്ങര വീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സുഭാഷിണിയുടെ ആടുകളെയാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കൂട്ടിൽ കയറി എട്ടോളം വരുന്ന നായ്ക്കൾ കടിച്ചു കൊന്നത്.
സംഭവ സമയം സുഭാഷിണി അയൽപക്കത്തെ വീട്ടിൽ പോയിരിക്കയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും ആടുകളെല്ലാം കടിയേറ്റ് ചത്തിരുന്നു. ഒരാട് ഗർഭിണിയായിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പ് സുഭാഷിണിയുടെ ഭർത്താവ് ഹരിദാസ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണപ്പെട്ടത്. മകനെ നോക്കാൻ കൂലിപ്പണി ചെയ്ത് കിട്ടിയ പണം സ്വരൂപിച്ചാണ് സുബാഷിണി ആടുകളെ വാങ്ങിയത്.
പാലും ആടുകളെ വിറ്റുമാണ് കുടുംബം കഴിഞ്ഞിരുന്നത്. നിലവിൽ വരുമാനം അടഞ്ഞ കുടുംബം നിത്യവൃത്തിക്ക് വഴിതേടുകയാണ്. സുഭാഷിണിക്കൊപ്പം മാതാവ് പത്മാവതിയും മകൻ ശരത്തുമാണ് വീട്ടിലുള്ളത്. സംഭവസമയം ഇവർ രണ്ട് പേരും ബന്ധു വീട്ടിൽ കല്ല്യാണത്തിന് പോയിരുന്നു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.