ചെറുതുരുത്തി: സ്കൂൾ സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമക്കുപോയ 70 വിദ്യാർഥികളെ ചൂരൽ വടികൊണ്ട് അടിച്ച് റോഡിലൂടെ നടത്തിച്ച് സ്കൂളിൽ എത്തിച്ച് പഠിപ്പിക്കുകയും ചെയ്തതിന് നല്ല സ്കൂളിനും അധ്യാപകനുമുള്ള പുരസ്കാരം നേടിയ ഒരു പ്രിൻസിപ്പൽ ഉണ്ട്, ചെറുതുരുത്തികാരുടെ 85 വയസ്സുള്ള കെ.എം. യൂസഫ് മാസ്റ്റർ. ഈ കാലത്താണ് ഞാൻ വിദ്യാർഥികളെ ഇങ്ങനെ ചെയ്തെങ്കിൽ കാലാകാലം ജയിൽ കിടക്കേണ്ടി വരുമെന്നും അന്ന് അടിച്ച പല വിദ്യാർഥികളും ഇന്ന് ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ഓഫിസർമാരാണെന്നും കെ.എം. യൂസഫ് മാസ്റ്റർ ഓർത്തെടുത്തു.
ചെറുതുരുത്തി കൊരട്ടിയിൽ വീട്ടിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കെ.വി. മൊയ്തീൻകുട്ടിയുടെയും-ഐഷുമ്മയുടെയും ഒമ്പത് മക്കളിൽ രണ്ടാമത്തെ മകനാണ് യൂസഫ്. ഒന്നാം ക്ലാസ് മുതൽ പഠിച്ച സ്കൂളായ ചെറുതുരുത്തിയിൽ എട്ടാം ക്ലാസ് അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. അന്നത്തെ കാലത്ത് സ്കൂൾ ഫീസ് അടക്കാൻ പറ്റാത്തതുകൊണ്ട് പല വിദ്യാർഥികളെയും പുറത്താക്കുന്ന പതിവുണ്ടായിരുന്നു. എന്റെ ശമ്പളത്തിൽനിന്ന് പല വിദ്യാർഥികളെയും ഫീസ് കൊടുത്ത് പഠിപ്പിച്ചു. ആ വിദ്യാർഥികൾ നല്ല സ്ഥാനങ്ങൾ വഹിച്ചു. ഇന്നും അവർ എന്നെ കാണാൻ വരാറുണ്ട്. പിന്നീടാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി ജോലിയിൽ പ്രവേശിച്ചത്.
രാവിലെ എല്ലാ വിദ്യാർഥികളും സ്കൂളിൽ എത്തും. ഉച്ചകഴിഞ്ഞാൽ ഇവരെ കാണില്ല. അന്വേഷിച്ചപ്പോഴാണ് സമീപത്തെ തിയേറ്ററിൽ പോവുകയാണെന്ന് മനസ്സിലായത്. മറ്റു അധ്യാപകരോട് തിയേറ്ററിലേക്ക് വരാൻ പറഞ്ഞെങ്കിലും ആരും വന്നില്ല. ഒറ്റക്കുപോയി മാനേജറെ കണ്ടു, ഇൻറർവില്ലിന് 70 വിദ്യാർഥികളെ പുറത്തിറക്കി ചൂരൽ കൊണ്ടുള്ള അടി കൊടുത്തു. തുടർന്ന് ടൗണിലൂടെ നടത്തിച്ച് സ്കൂളിലേക്ക് കൊണ്ടുപോയി. നിരവധി ആളുകളാണ് ഈ രംഗം കണ്ടുനിന്നത്. തുടർന്ന് പിറ്റേദിവസം രക്ഷിതാക്കളെ വിളിച്ച് ടി.സി നൽകി. എന്നാൽ ഇനി അങ്ങനെ സംഭവിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ പഠിത്തം തുടർന്നു. ഈ ഓർമകൾ ഇന്നലെ കഴിഞ്ഞപോലെയാണെന്ന് യൂസഫ് മാസ്റ്റർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.