ചെറുതുരുത്തി: യന്ത്ര സാമഗ്രികൾ എത്തിക്കാൻ പാകത്തിലുള്ള വഴിയും പാലവും ഇല്ലാത്തതിനാൽ നെൽകൃഷി ചെയ്യാനാകാതെ ഒരുകൂട്ടം കർഷകർ. കൃഷിസ്ഥലത്തേക്ക് ഒരുപാലം എന്ന കർഷകരുടെ ആവശ്യം വർഷങ്ങളായി സർക്കാർ പരിഗണിക്കുന്നില്ല.
വള്ളത്തോൾ നഗർ പഞ്ചായത്തിലെ പള്ളം പാടശേഖരത്തിലുള്ള 10 കർഷകരാണ് വർഷങ്ങളായി ബുദ്ധിമുട്ടുന്നത്. നേരത്തെ പാടശേഖരത്തിലേക്ക് കൃഷിക്ക് ആവശ്യമായ സാമഗ്രികൾ കൊണ്ടുവരാനുണ്ടായിരുന്ന റോഡ് ഇരുവശവും സ്വകാര്യവ്യക്തികൾ വീട് നിർമിച്ചതോടെയാണ് കൃഷി സ്ഥലത്തേക്ക് വണ്ടി ഇറങ്ങാൻ വഴിയില്ലാതായത്.
ഒരുഭാഗത്ത് പുഴയും മറ്റു മൂന്നു ഭാഗങ്ങളിൽ പുഴയിലേക്ക് വെള്ളം എത്തുന്ന തോടുമുള്ള സ്ഥലമാണ്. കൃഷിസ്ഥലത്തേക്ക് കടക്കുന്നതിനുവേണ്ടി ഒരു നടപ്പാലം മാത്രമാണുള്ളത്. ഇതിലൂടെ തലച്ചുമടായും മറ്റും ചെറിയകൃഷിക്ക് ആവശ്യമായ സാമഗ്രികൾ മാത്രം എത്തിച്ചാണ് കർഷകർ വർഷങ്ങളായി പച്ചക്കറിയും വാഴയും മറ്റും കൃഷി ചെയ്യുന്നത്. നിലവിലെ നടപ്പാലം പോലും ഇടിഞ്ഞ് പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്.
ഈ നടപ്പാലം പുനർനിർമിച്ച് കൃഷി സ്ഥലത്തേക്ക് ആവശ്യമായ വാഹന സൗകര്യം ഏർപ്പാടാക്കണം എന്നതാണ് ആവശ്യം. നിരവധി ഏക്കറോളം കൃഷി സ്ഥലമാണ് വണ്ടി ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് നെൽകൃഷി ചെയ്യാനാവാതെ കിടക്കുന്നത്. ഇതിൽ പലയിടങ്ങളും ഇപ്പോഴും തരിശായി കിടക്കുകയാണ്.
പത്തുവർഷത്തിലേറെയായി പഞ്ചായത്തിലും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥത തലത്തിലും കൃഷി ഓഫിസുകളിലും കർഷകർ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. രണ്ടുവർഷം മുമ്പാണ് പഞ്ചായത്ത് കർഷകരുടെ പരാതി സ്വീകരിച്ചത്. എന്നാൽ നിലവിലെ നടപ്പാത പുനർനിർമിക്കാൻ മാത്രമാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. ഇതുകൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ നിറവേറില്ല എന്ന് കർഷകർ പറഞ്ഞതോടെ ആ പണിയും നടക്കാതെയായി.
അടുത്ത സാമ്പത്തിക വർഷത്തിലെങ്കിലും പുതിയ പാലത്തിനായി ഫണ്ട് നീക്കിയിരുത്താം എന്നാണ് പഞ്ചായത്ത് അംഗം കർഷകരോട് പറയുന്നത്. നെൽകൃഷി ചെയ്യാൻ താൽപര്യം ഉണ്ടായിട്ടും സാഹചര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കൃഷി ചെയ്യാനാകാതെ കർഷകരായ മോഹനൻ , മുഹമ്മദും മറ്റു കർഷകർക്കു വേണ്ടിയും ഇന്നും ഓഫിസുകളിൽ കയറിയിറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.