ചെറുതുരുത്തി: ഭാരതപ്പുഴയിലെ പൈങ്കുളം തൊഴുപ്പാടം മൂരിയിൽപടി പമ്പ് ഹൗസിന് സമീപം തൊട്ടുമുകളിലായി കൊടുംവേനലിലും കെട്ടിനിൽക്കുന്ന ജലസ്രോതസ്സ് വേണ്ടവിധം വിനിയോഗിക്കുന്നില്ല.
ജലലഭ്യത കുറവ് എന്ന് പറഞ്ഞ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഉദ്യോഗസ്ഥർ ഈ സാധ്യത പരിശോധിക്കാൻ തയാറാകുന്നില്ല. പൈങ്കുളം വാഴാലിപ്പാടം മൂരിയിൽപടി പ്രദേശത്തെ പമ്പ് ഹൗസിൽ ജലലഭ്യത കുറവ് മൂലം പമ്പിങ് പൂർണതോതിൽ ഉണ്ടാവില്ലെന്നും വരും ദിവസങ്ങളിൽ ആളയാർ ഡാമിൽനിന്ന് വെള്ളം തുറന്നുവിടുകയോ മഴ ലഭിക്കുകയോ ചെയ്തില്ലെങ്കിൽ കുടിവെള്ള വിതരണം പൂർണമായും നിർത്തേണ്ടി വരും എന്നുമാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
എന്നാൽ പമ്പ് ഹൗസിന്റെ തൊട്ടുമുകളിലെ ഈ ജലസംഭരണി നേരിൽ വന്നു കണ്ട് വെള്ളം പമ്പ് ഹൗസിലേക്ക് എത്തിക്കാൻ തയാറായാൽ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന സാധ്യത ഉണ്ടായിരിക്കേയാണ് അധികൃതരുടെ നിസ്സംഗത.
ടാങ്കർ ലോറി ലോബികളെ സഹായിക്കാനുള്ള നീക്കമാണ് അധികൃതരുടേതെന്നും പരാതിയുണ്ട്. നിലവിൽ ചേലക്കര, പാഞ്ഞാൾ പഞ്ചായത്തുകളിലേക്കാണ് ഇവിടെനിന്ന് ജലം പമ്പ് ചെയ്യുന്നതെന്നാണ് അറിയുന്നത്. ഈ രണ്ടു പഞ്ചായത്ത് ഭരണകർത്താക്കളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ജലസ്രോതസ്സ് കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഫലപ്രദമായി വിനിയോഗിക്കാൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.