തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് 265.99 കോടി രൂപയുടെ ബജറ്റ് പാസാക്കിയതായി പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 265.99 കോടി രൂപ വരവും 259.83 കോടി രൂപ ചെലവും 6.15 കോടി രൂപ നീക്കിയിരിപ്പും അടങ്ങുന്ന 2023-2024 സാമ്പത്തികവർഷത്തെ ബജറ്റാണ് പാസാക്കിയത്.
തേക്കിൻകാട് മൈതാനത്തിന്റെ സമ്പൂർണ സൗന്ദര്യവത്കരണം ഏഴ് ഭാഗങ്ങളായി സർക്കാർ സഹായത്തോടേയും സ്പോൺസർഷിപ് മുഖേനയും നടത്തും. തൃശൂർ ആസ്ഥാനമായി പ്രസാദം എന്ന പേരിൽ നടപ്പാക്കിയ വിശപ്പുരഹിത പദ്ധതി പുനരാരംഭിക്കും.
ക്ഷേത്രങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നവീകരണത്തിന് 20 കോടിയും തൃശൂർ വടക്കെ സ്റ്റാൻഡിലെ അശോകേശ്വരം ക്ഷേത്രത്തിന് സമീപം ഷോപ്പിങ് കോംപ്ലക്സിനും സ്വരാജ് റൗണ്ടിലെ കൈലാസം കോംപ്ലക്സിന്റെ രണ്ടാം ഘട്ട നിർമാണത്തിനുമായി ആറുകോടിയും കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിലും ഓഫിസുകളിലും കമ്പ്യൂട്ടറൈസേഷൻ, ഇ ഫയലിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് 1.20 കോടി രൂപയും വകയിരുത്തി.
ഒഴിഞ്ഞു കിടക്കുന്ന ഭൂമി കൃഷി-വ്യവസായ ആവശ്യങ്ങൾക്ക് വാടകക്ക് നൽകും. എല്ലാ ക്ഷേത്രങ്ങളിലും പൂജക്ക് ആവശ്യമായ പുഷ്പങ്ങളുടെ ലഭ്യതക്കായി പൂജാ പുഷ്പോദ്യാനം പദ്ധതിയും ഹരിതക്ഷേത്രം പദ്ധതിയും തുടരുന്നതിനും ബജറ്റ് തീരുമാനിച്ചു.
ചിറ്റൂർ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഷോപ്പിങ് കോംപ്ലക്സ് പദ്ധതിക്ക് 60 ലക്ഷം രൂപയും ചോറ്റാനിക്കര സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 50 ലക്ഷം രൂപയും വകയിരുത്തി. തീർഥാടന വിനോദയാത്രയുടെ ഭാഗമായി സർക്കാറുമായി സഹകരിച്ച് സർക്കാർ വാഹനം ഉപയോഗപ്പെടുത്തി വടക്കുന്നാഥൻ-തൃപ്രയാർ-കൊടുങ്ങല്ലൂർ- ചോറ്റാനിക്കര ഉൾപ്പെടുത്തി ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനം നടത്തുന്നതിന് സൗകര്യം ഒരുക്കും. നാലമ്പലം ദർശനത്തിന് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കും.
പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഓഫിസുകളിലും സോളാർ പദ്ധതി സർക്കാർ സഹകരണത്തോടെ നടപ്പാക്കും. വാർത്താസമ്മേളനത്തിൽ ബോർഡ് മെംബർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി.ഡി. ശോഭന, ഫിനാൻസ് ഓഫിസർ പി. വിമല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.