തൃശൂർ: ഹൃദയത്തിൽനിന്ന് നേരിട്ട് പുറപ്പെടുന്ന ധമനിക്ക് (സബ്ക്ലാവിയൻ ആർട്ടറി) ക്ഷതം പറ്റി രക്തം ചീറ്റിയൊഴുകുന്ന അവസ്ഥയിൽ എത്തിയ യുവാവിന് പുതുജീവൻ നൽകി തൃശൂർ മെഡിക്കൽ കോളജ് സർജറി വിഭാഗം. പാലക്കാട് നിന്നുള്ള 25കാരനായ ആദിവാസി യുവാവിനെയാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. നവംബർ ഒന്നിനാണ് ഇടതുതോളെല്ലിനു താഴെ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നൊഴുകുന്ന നിലയിൽ യുവാവിനെ എത്തിച്ചത്.
മരണത്തിനും ജീവിതത്തിനുമിടയിലുള്ള നേർത്ത നൂൽപ്പാലത്തിലായിരുന്നു രക്തം ചീറ്റിയൊഴുകുന്ന യുവാവിന്റെ ജീവൻ. മുതിർന്ന ഡോക്ടർമാരടക്കം എല്ലാവരും രംഗത്തെത്തി അത്യാഹിതവിഭാഗം ഓപറേഷൻ തിയറ്ററിലേക്ക് കയറ്റി.
ഹൃദയത്തോട് വളരെ അടുത്തുകിടക്കുന്ന ഈ ധമനി കണ്ടെത്തുക വെല്ലുവിളിയായിരിക്കെ രക്തം കുതിച്ചോഴുകുമ്പോൾ ഇത് കൂടുതൽ ശ്രമകരമായി മാറി. ഈ ധമനിയോട് ചേർന്ന് കിടക്കുന്ന നാഡീവ്യൂഹത്തിന് ക്ഷതം ഏൽപിക്കാതെ നോക്കുകയും വേണം. ഇതിൽ ഏതെങ്കിലും ഒന്ന് ചെറുതായെങ്കിലും പരാജയപ്പെട്ടാൽ രക്തം വാർന്നു നിമിഷങ്ങൾക്കകം മരണം സംഭവിക്കാം, അല്ലെങ്കിൽ ഇടതുകൈയുടെ ചലനം നഷ്ടപ്പെടുകയും ചെയ്യാം.
സർജറി യൂനിറ്റുകളുടെ മേധാവിമാരായ ഡോ. സി. രവീന്ദ്രൻ സി, ഡോ. ഹരിദാസ്, സർജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസർമാർ ആയ ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. പ്രവീൺ, അനസ്തേഷ്യ പ്രഫസർ ഡോ. എം. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ, ഡോ. പാർവതി, ഡോ. നാജി, ഡോ. അഞ്ജലി, ഡോ. സിജു, ഡോ. അഞ്ജന തുടങ്ങിയ ഒരു സംഘം ഡോക്ടർമാരും, നഴ്സിങ് ഓഫിസർമാരായ അനു, ബിൻസി എന്നിവരും ചേർന്നുള്ള ഭഗീരഥപ്രയത്നമായിരുന്നു പിന്നീട്. മൂന്ന് മണിക്കൂർ നീണ്ട യജ്ഞത്തിനോടുവിൽ യുവാവിനെ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി. തുടർന്ന് 20 ദിവസം സങ്കീർണമായ ചികിത്സ തുടർന്നു.
പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, ആർ.എം.ഒ ഡോ. യു.എ. ഷാജി, എ.ആർ.എം.ഒ ഡോ. ഷിബി എന്നിവർ ഭരണപരമായ ഏകോപനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.