പാർക്കിങ് ഫീസ് ഒഴിവാക്കിയതിന്റെ നഷ്ടം നികത്താനെന്ന് വിശദീകരണം
തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ വീണ്ടും വിവാദ ഭരണപരിഷ്കാര നടപടി. മെഡിക്കൽ കോളജിൽ ഡോക്ടർമാരെ കാണാനെത്തുന്ന മെഡിക്കൽ റെപ്രസന്റേറ്റിവുമാർ 2000 രൂപയുടെ പാസെടുത്ത് വേണം പ്രവേശിക്കാൻ. പാസിന് ഒരുവർഷത്തെ കാലാവധിയാണ് ഉണ്ടാവുക.
മെഡിക്കൽ റെപ്രസന്റേറ്റിവുമാരെ നേരിട്ട് വിളിച്ച് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. പാസ് ഇല്ലാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു. താൽക്കാലികമായി ഈ മാസം സൗജന്യപാസ് അനുവദിക്കാമെന്നും എന്നാൽ, ഡിസംബർ മുതൽ പണം നൽകി പാസ് എടുക്കണമെന്നുമാണ് നിർദേശം. 2000 രൂപ ഈടാക്കുന്ന പാസിന് ഈ വർഷം ഡിസംബർ മുതൽ 2023 ഡിസംബർ വരെ കാലാവധി നൽകും.
കലക്ടറും ജനപ്രതിനിധികളും അടക്കമുള്ള ആശുപത്രി ഭരണസമിതിയാണ് ഈ തീരുമാനമെടുത്തതെന്നാണ് സൂപ്രണ്ട് അറിയിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത ഐ.എം.എസ്.ആർ.എ ജില്ല പ്രസിഡന്റ് ടോംയാസ് ഫ്രാങ്ക്ളിൻ ജോർജ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ നിലയിലാണ് പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. തീരുമാനം തൊഴിലെടുക്കുന്ന ഒരുവിഭാഗത്തെ ഒറ്റതിരിഞ്ഞ് ചൂഷണം ചെയ്യുന്ന
താണ്. അഞ്ച് രൂപ പാർക്കിങ് ഫീസ് നൽകി 365 ദിവസം മെഡിക്കൽ കോളജിൽ ജോലി ചെയ്താൽപോലും 1825 രൂപ മാത്രമേ വരൂ. ഒരു മെഡിക്കൽ കമ്പനി പ്രതിനിധി ഒരുമാസം ശരാശരി നാലോ അഞ്ചോ ദിവസം മാത്രമേ മെഡിക്കൽ കോളജിൽ ജോലിയെടുക്കൂ. ഇത്രയും ഭീമമായ തുക ഈടാക്കുന്നത് കൊള്ളയടിയാണെന്ന് ഫ്രാങ്ക്ളിൻ ജോർജ് പറഞ്ഞു.
നേരത്തേ, പത്രവിതരണം വിലക്കിയതടക്കം വിവാദ തീരുമാനങ്ങളെടുത്തത് തിരുത്തേണ്ടി വന്നതിന് പിന്നാലെയാണ് മെഡിക്കൽ റെപ്രസന്റേറ്റിവുമാർക്ക് പാസ് ഏർപ്പെടുത്താനുള്ള
തീരുമാനം.
ആശുപത്രി വികസനസമിതി യോഗം വിളിച്ചുചേർക്കാത്തതിനെതിരെ ഭരണസമിതി അംഗങ്ങൾതന്നെ കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴാണ് അംഗങ്ങൾ പോലുമറിയാതെ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതെന്ന് ആക്ഷേപമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.