വിഷംതളിച്ച പുല്ല് തിന്ന പശുക്കൾ തളർന്നുവീണു

വടക്കാഞ്ചേരി: മാരക വിഷംതളിച്ച പുല്ല് തിന്ന രണ്ടു പശുക്കൾ തളർന്നുവീണു. പുല്ലാനിക്കാട്ടുനിന്ന് മംഗലം പാടശേഖരത്തേക്കുള്ള വഴിയിലും വടക്കാഞ്ചേരി പുഴയുടെ തീരത്തുമാണ് സമീപവാസി വ്യാപകമായി പുല്ലിൽ മാരകവിഷം അടിച്ചത്.

പുഴക്ക് സമീപമുള്ള മറ്റു മൂന്ന് സ്വകാര്യ വ്യക്തികളുടെ പറമ്പിലും വിഷമടിച്ചിട്ടുണ്ട്. മംഗലം തൈക്കാടൻ വീട്ടിൽ സണ്ണിയുടെ പത്ത് ലിറ്റർ പാല് കിട്ടുന്ന രണ്ടു പശുക്കളാണ് അവശതയിലായത്. മേയാൻ വിട്ട പശുക്കൾ തളർന്നുവീണതിനെ തുടർന്ന് ഉടമ വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ചു.

ഡോക്ടർ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചപ്പോൾ വിഷം അകത്തുചെന്നതാണ് തളർച്ചക്ക് കാരണമെന്ന് മനസ്സിലായി. തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിൽ സമീപപ്രദേശങ്ങളിലെല്ലാം പുല്ലിന് വിഷം അടിച്ചതായി കണ്ടെത്തി.

തളർന്നുവീണ പശുക്കൾക്ക് മരുന്ന് നൽകി. പുല്ലിനടിച്ചത് മാരക വിഷമായതിനാൽ പശുക്കളുടെ കുടലിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

മണ്ണുവരെ നശിച്ചുപോകുന്ന മാരകവിഷമാണ് അടിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. മഴക്കാലമായതിനാൽ വടക്കാഞ്ചേരി പുഴയിലേക്കും വിഷം കലർന്ന വെള്ളം ഒഴുകാൻ സാധ്യതയുണ്ട്. വിഷ പ്രയോഗത്തിനെതിരെ വടക്കാഞ്ചേരി പൊലീസിലും നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.