തൃശൂർ: ആത്മഹത്യ ചെയ്ത വനിത മാനേജർ സ്വപ്നയുടെ കടബാധ്യത ഇളവുചെയ്യുന്നതിന് തിരിച്ചടിയായത് ബാങ്ക് ലയനം. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിപ്പിച്ചതോടെയാണ് ഈ ആനുകൂല്യം നഷ്ടമായത്. സ്വപ്ന മുമ്പ് സിൻഡിക്കേറ്റ് ബാങ്കിലാണ് ജോലി ചെയ്തിരുന്നത്.
കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുന്ന നടപടിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് സിൻഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിൽ ലയിപ്പിച്ചത്. ഇതോടെയാണ് സ്വപ്ന കനറാ ബാങ്കിന്റെ ഭാഗമായത്. സർവിസിലിരിക്കെ മരിക്കുന്ന ഓഫിസർമാരുടെ അഞ്ച് ലക്ഷം രൂപ വരെയുള്ള കടബാധ്യത എഴുതിത്തള്ളാൻ സിൻഡിക്കേറ്റ് ബാങ്കിൽ വ്യവസ്ഥയുണ്ട്.
നാല് ലക്ഷം രൂപയായിരുന്ന ഇളവ് 2018ലാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്. സിൻഡിക്കേറ്റ് ബാങ്ക് ഇല്ലാതായതും കനറാ ബാങ്കിൽ ഈ ആനുകൂല്യം ലഭ്യമല്ലാത്തതുമാണ് വിനയായത്.
അതേസമയം, സ്വപ്നയുടെ 44 ലക്ഷം രൂപയോളം വരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിന് കനറാ ബാങ്ക് ശനിയാഴ്ച തൃശൂരിൽ നടത്തുന്ന അദാലത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഭർതൃപിതാവ് കെ.പി. ശ്രീധരൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായ്പ പൂർണമായി എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് അദാലത്തിനുള്ള നോട്ടീസ് കിട്ടിയപ്പോൾതന്നെ കനറാ ബാങ്ക് സർക്കിൾ ഓഫിസിനും അദാലത്ത് വിഭാഗത്തിനും അപേക്ഷ അയച്ചിട്ടുണ്ട്. അതിലപ്പുറമൊന്നും പറയാനില്ല. അതിൽ അനാദരവിന്റെ പ്രശ്നവുമില്ല -ശ്രീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.