തൃശൂർ: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. ഗുരുവായൂർ അടക്കം ജില്ലയിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളുടെ വികസന ആവശ്യങ്ങളും മന്ത്രിയെ ധരിപ്പിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷൻ ‘അമൃത് ഭാരത്’ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. പ്ലാറ്റ്ഫോമുകളുടെ മേൽക്കൂര നീട്ടൽ, കൂടുതൽ വൈദ്യുതി വിളക്കുകളും ഇരിപ്പിടങ്ങളും ചെറുകിട ഭോജന ശാലകളും റിക്രിയേഷൻ സ്പോട്ടുകളും എന്നിവയും ആവശ്യപ്പെട്ടു. വടക്കേ അറ്റത്തെ പ്ലാറ്റ്ഫോമിനടുത്ത് റോഡ് അണ്ടർ ബ്രിഡ്ജും പ്രധാന റോഡിൽനിന്ന് സ്റ്റേഷനിലേക്ക് കയറുന്നിടത്ത് പ്രവേശന കവാടവും നിർമിക്കണം. നേരത്തേ സ്റ്റോപ്പുണ്ടായിരുന്ന മലബാർ എക്സ്പ്രസ്, പുണെ എക്സ്പ്രസ്, പുനലൂർ എക്സ്പ്രസ് എന്നിവക്ക് ഇരിങ്ങാലക്കുടയിൽ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നും പാലരുവി, ഏറനാട്, ഷാലിമാർ, ദിബ്രുഗഡ്, ആരോണായ് എക്സ്പ്രസുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കാലങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ഗുരുവായൂർ-തിരുനാവായ റെയിൽ പദ്ധതി വേഗത്തിലാക്കണം. ഗുരുവായൂർ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വേഗത്തിലാക്കണം. ഗുരുവായൂർ-തൃശൂർ റൂട്ടിൽ മെമുവോ റെയിൽ ബസോ അനുവദിക്കണം. ഗുരുവായൂരിനെ ദക്ഷിണേന്ത്യയിലെ മറ്റു തീർത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സർവിസുകൾ ആരംഭിക്കണമെന്നും നിവേദനത്തിലുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ രണ്ടാമതൊരു പ്ലാറ്റ്ഫോമില്ലാത്ത ഏക സ്റ്റേഷനാണ് ഒല്ലൂർ സ്റ്റേഷൻ. ഇവിടെ രണ്ടാം പ്ലാറ്റ്ഫോം അനുവദിക്കണം. പുതുക്കാട് സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകൾക്കിടയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം, നെല്ലായി സ്റ്റേഷൻ കെട്ടിടം നവീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.