തൃശൂർ: കുടിവെള്ള വിതരണ പ്രശ്നം പരിഹരിക്കാത്തതിലും ബിനി ടൂറിസ്റ്റ് ഹോം വിവാദത്തിലും കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ഹാളിൽ കുത്തിയിരിപ്പ് സമരവും നടത്തി. നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ചയായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
കൗൺസിൽ ആരംഭിച്ചയുടനെ കുടിവെള്ള വിഷയം ഉയർത്തി പ്രതിപക്ഷം എഴുന്നേറ്റു. കോൺഗ്രസ് കൗൺസിലർമാർ ഒഴിഞ്ഞ കുടവും ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡുകളുമായാണ് യോഗത്തിനെത്തിയത്. പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേലാണ് വിഷയം ഉന്നയിച്ചത്. കേന്ദ്രസർക്കാർ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോടികൾ നൽകിയിട്ടും മേയറും കൂട്ടരും പരാജയപ്പെട്ടതായി ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി ആരോപിച്ചു.
നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സമരം രാഷ്ട്രീയപ്രേരിതമാണെന്നും തങ്ങളുടെ ഡിവിഷനുകളിൽ കുടിവെള്ളം ലഭിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രതിഷേധമാണെന്നും ഭരണപക്ഷത്തെ രാജശ്രീ ഗോപനും കെ. സതീഷ് ചന്ദ്രനും പറഞ്ഞു. ലാലി ജയിംസ്, മുകേഷ് കൂളപറമ്പലിൽ, സിന്ധു ആന്റോ ചാക്കോള, ബി.ജെ.പിയിലെ എൻ. പ്രസാദ്, പൂർണിമ സുരേഷ്, കെ.ജി. നിജി, പി.കെ. ഷാജൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കോർപറേഷൻ നഗരപരിധിയിൽ പുസ്തകം വിൽക്കുന്നവരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കുരിയച്ചിറ ഒ.ഡബ്ല്യു.സി പ്ലാന്റിൽ മാലിന്യ പ്രശ്നം രൂക്ഷമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബിനി ടൂറിസ്റ്റ് ഹോം കരാർ നിയമ നടപടികളിലാണെന്നിരിക്കെ 23 ലക്ഷത്തിന്റെ അറ്റകുറ്റപണികൾക്ക് മുൻകൂർ അനുമതി നൽകിയ മേയറുടെ നടപടിക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി. വിഷയം വോട്ടിനിടണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മേയർ വിഷയം ചർച്ച ചെയ്യാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട് കൗൺസിൽ പിരിച്ചുവിട്ടു.
ഇതോടെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധവുമായെത്തി. കൗൺസിൽ പിരിച്ചുവിട്ട് ഭരണപക്ഷ കൗൺസിലർമാർ സ്ഥലം വിട്ടെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ വൈകീട്ട് ആറ് വരെ കൗൺസിലിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ ഉയർത്തിയ പ്രശ്നം പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.