തൃശൂർ: കോടതിയിൽ ജഡ്ജിക്ക് നേരെ അധിക്ഷേപം നടത്തുകയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത വയോധികക്കെതിരെ കേസെടുക്കാൻ പൊലീസിന് ജഡ്ജിയുടെ നിർദേശം. തൃശൂർ വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
മുളങ്കുന്നത്തുകാവ് സ്വദേശിനിയായ എഴുപതുകാരിയാണ് പരാതിയുമായെത്തിയത്. ഭർത്താവ് മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ എത്തുകയായിരുന്നു. പ്രായമായതും കോടതി നടപടികൾ അറിയാത്തയാളാണെന്നുമുള്ള പരിഗണനയിൽ പരാതി ജഡ്ജി വായിച്ചു നോക്കി. ഇത് വിജിലൻസ് കോടതിയാണെന്നും അയ്യന്തോളുള്ള സെഷൻസ് കോടതികളിലാണ് നൽകേണ്ടതെന്നും അറിയിച്ചു. പക്ഷേ, ഇവിടെ തന്നെ കേസെടുക്കണമെന്ന് പറഞ്ഞ് ജഡ്ജിക്ക് നേരെ ശബ്ദമുയർത്തിയെങ്കിലും ജഡ്ജി ശാന്തനായി വയോധികയെ ആശ്വസിപ്പിച്ചു. ഇവിടെയല്ലെന്ന് ആവർത്തിക്കുകയും നിയമസഹായത്തിനായി അഭിഭാഷകരെ നൽകാമെന്ന് അറിയിച്ചെങ്കിലും വയോധിക കൂട്ടാക്കിയില്ല. പിന്നീട് ജഡ്ജിക്ക് നേരെ അധിക്ഷേപവാക്കുകളുയർത്തുകയായിരുന്നു. ഇതോടെ കോടതി നടപടികളും തടസ്സപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റിയും അധിക്ഷേപം തുടർന്നു. തുടർന്ന് ഇവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
നേരത്തെ തൃശൂർ ടൗൺഹാളിൽ വനിത കമീഷൻ സിറ്റിങ്ങിനിടയിൽ മുളകുപൊടിയുമായെത്തി അംഗങ്ങൾക്ക് നേരെ വിതറിയത് ഏറെ വിവാദമായിരുന്നു. പ്രായവും മാനസികാസ്വാസ്ഥ്യമുള്ളയാളുമാണെന്നത് പരിഗണിച്ച് കേസെടുക്കാതെയും നടപടികളിലേക്ക് കടക്കാതെയും വിടുകയായിരുന്നു. അതേ പരാതിയുമായാണ് തിങ്കളാഴ്ച വിജിലൻസ് കോടതിയിലുമെത്തിയത്. കോടതി നിർദേശമുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.