തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ ആനയൂട്ട് കർക്കടകപ്പുലരിയിൽ തൃശൂർ വടക്കുന്നാഥനിൽ നടക്കും. ഇത്തവണത്തെ ആനയൂട്ട് 41ാം വർഷത്തേതാണ്. 10,008 നാളികേരംകൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും.
മുമ്പ് 100 ആനകള്‍വരെ എത്തിയിരുന്ന ആനയൂട്ടായിരുന്നു ഇത്. ഈ വർഷം 65 മുതല്‍ 70 വരെ ആനകൾ എത്തുമെന്നാണ് പ്രതീക്ഷ. നാട്ടാനകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ആനയൂട്ടിനെത്തുന്നവയുടെ എണ്ണവും കുറഞ്ഞത്.
ഒരുകോടി രൂപക്കാണ് ആനയൂട്ട് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. 500 കിലോ അരികൊണ്ടുള്ള ചോറാണ് ആനയൂട്ടിന് തയാറാക്കുക.
നെയ്യ്, പൊടിശര്ക്കര, ഗണപതിഹോമത്തിന്റെ പ്രസാദം എന്നിവ ചേര്‍ത്ത് വലിയ ഉരുളയാക്കി 10 ഉരുളവീതം ഓരോ ആനകള്‍ക്കും നല്‍കും. ഇതുകൂടാതെ കരിമ്പ്, ചോളം, പഴം, മാമ്പഴം, തണ്ണിമത്തന്, കക്കരിക്ക തുടങ്ങി വിവിധ പഴങ്ങളും നല്‍കും. അന്നദാന മണ്ഡപത്തിൽ 7000 പേർക്ക് അന്നദാനവും ഉണ്ടായിരിക്കും. വൈകീട്ട് കൂത്തമ്പലത്തിൽ വിശേഷാൽ ഭഗവത് സേവയും ഉണ്ടാവും.
1983ൽ ചെറിയ രീതിയിൽ ആരംഭിച്ച ആനയൂട്ടാണ് കേരളത്തിലെ ഏറ്റവും വലിയ ആനയൂട്ടിലെത്തിയത്. കണ്ണൂർ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍നിന്നെല്ലാം ആനകള്‍ എത്തുന്നുണ്ട്. വടക്കുന്നാഥന് യുവജന കര്‍മസമിതി നേതൃത്വത്തിൽ തുടങ്ങിയ ആനയൂട്ട് ഇപ്പോൾ ക്ഷേത്രം ഉപദേശകസമിതി നേതൃത്വത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.
ആനകള്‍ക്കുള്ള കര്‍ക്കടക ചികിത്സ കണ്ടുകൊണ്ടാണ് കര്‍ക്കടകം ഒന്നിനുതന്നെ ആനയൂട്ട് നിശ്ചയിച്ചത്. ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ആനകൾക്കുള്ള സുഖചികിത്സയും തുടക്കമാകും. ആനയൂട്ടും രാമായണ മാസാചരണവും കണക്കാക്കി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.