തൃശൂർ: ജില്ലയിൽ പനി പടരുന്നു. ഈവർഷം 38 ദിവസം മാത്രം പിന്നിടുമ്പോൾ 16,481 പേരാണ് പനി പടിച്ച് ചികിത്സ തേടിയത്. കഴിഞ്ഞവർഷം ഈ സമയത്ത് 6724 പേർക്ക് മാത്രമേ പനിയുണ്ടായിരുന്നുള്ളൂ. ജലദോഷം, തൊണ്ടവേദന, ശരീരവേദന അടക്കമുള്ള പനിയാണ് പകരുന്നത്. ഇതിൽ കോവിഡ് വകഭേദമായ ഒമിക്രോണും ഉണ്ടെന്ന നിഗമനമാണ് ആരോഗ്യ വകുപ്പിനുള്ളത്.
അതേസമയം, വൈറൽ പനിയാണ് അധികവും. വിടവാങ്ങാൻ മടിക്കുന്ന ശൈത്യമാണ് പനിക്ക് കാരണമെന്ന വിലയിരുത്തലുമുണ്ട്. 38 ദിവസങ്ങൾക്കിടെ ഉണ്ടായ 16,481 പനി കേസുകൾ അത്രവലിയ കൂടിയ സംഖ്യയല്ലെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ വർഷം കോവിഡ് രണ്ടാം തരംഗത്തിനിടെ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ പനി കുറഞ്ഞുവെന്ന വാദമാണ് ഉയർത്തുന്നത്. പനി പിടിച്ചവർ പോലും പുറത്തിറങ്ങി മരുന്ന് വാങ്ങാത്ത സാഹചര്യവും കഴിഞ്ഞ വർഷമുണ്ടായിരുന്നു. ഇതാണ് പനി കുറയാൻ ഇടയാക്കിയത്.
വാക്സിൻ എടുത്തതോടെ ജനം പുറത്തിറങ്ങി ചികിത്സ തേടാൻ തുടങ്ങിയതാണ് ഈ വർഷം കൂടിയ നിരക്ക് വരാൻ കാരണം. വിശകലനങ്ങൾ എന്തുതന്നെയായാലും ജാഗ്രത പാലിക്കുകയാണ് നല്ലത്. പനി വന്നവരിൽ പലരും കോവിഡ് പരിശോധന പറയുന്നതിനാൽ ചികിത്സക്ക് മുതിരാത്ത സാഹചര്യവും നിലവിലുണ്ട്. പനിക്ക് മാത്രമാണ് ഇത്തരത്തിൽ വലിയ അന്തരമുള്ളത്. കഴിഞ്ഞവർഷം 1511 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയതെങ്കിൽ ഇക്കുറി 1788 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ വർഷവും ഈ വർഷവും ഈ കാലയളവിൽ രണ്ടുവീതമാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്.
ഡെങ്കിപ്പനി കഴിഞ്ഞവർഷം 13 ആയിരുന്നുവെങ്കിൽ ഇക്കുറി ഒരെണ്ണം കുറഞ്ഞ് 12 പേർക്കാണ് ബാധിച്ചിട്ടുള്ളത്. ഈ വർഷം ഇതുവരെ 10 മലേറിയ രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. ചിക്കൻപോക്സ് കഴിഞ്ഞ വർഷം ഈ സമയം 21 പേർക്കായിരുന്നുവെങ്കിൽ ഈ വർഷം 12 പേരാണ് ചികിത്സ തേടിയത്. ചേലക്കരയിൽ കാലാഹസാർ ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ ഇതിന്റെ ഭീഷണി ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.