പെരിഞ്ഞനം: പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 233 ആയി. ഇതിൽ 59 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി -22, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം -അഞ്ച്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് തൃശൂർ -നാല്, ഡോൺ ബോസ്കോ പറവൂർ -മൂന്ന്, ഷാജി ഹോസ്പിറ്റൽ, നോർത്ത് പറവൂർ -രണ്ട്, മെഡിക്കൽ ട്രസ്റ്റ് കുഴുപ്പിള്ളി -ഏഴ്, കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി -10, എറണാകുളം അമൃത മെഡിക്കൽ കോളജ് -ആറ് എന്നിങ്ങനെയാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്. കുട്ടികളും ഇതിലുൾപ്പെടും.
ഭൂരിഭാഗം പേരും അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും പനിയും ഛർദിയും വയറിളക്കവും മറ്റു ശാരീരിക അസ്വസ്ഥതകളും ഇവർക്ക് വിട്ടുമാറിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. എന്നാൽ, ഭക്ഷ്യവിഷബാധയേറ്റവരുടെ കണക്ക് പൂർണമല്ലെന്നാണ് സൂചന.
ഇതര ജില്ലകളിലുൾപ്പെടെയുള്ളവർ ഈ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചതായാണ് റിപ്പോർട്ട്. ചെറിയ രോഗലക്ഷണങ്ങൾ പ്രകടമായവർ വീട്ടിൽ സ്വയംചികിത്സ നടത്തുന്നതിനുള്ള സാഹചര്യവുമുണ്ടായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം അറിഞ്ഞതോടെയാണ് ചിലരെങ്കിലും ആശുപത്രികളിലെത്തുന്നത്.
അതേസമയം, പെരിഞ്ഞനം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്ന ആരോപണം ശക്തമാവുകയാണ്. കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്കും സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും മാർച്ച് നടത്തിയിരുന്നു.
സെയിൻ ഹോട്ടൽ ഉടമകൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേയും ഈ ഹോട്ടലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടും ചെറിയ പിഴ ഈടാക്കി തുടർന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ അധികൃതർ ഇവർക്ക് കൂട്ടുനിൽക്കുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ കയ്പമംഗലം പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റവരാരുംതന്നെ ഇതുവരെ സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല.
മരിച്ച വീട്ടമ്മയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ വിഷബാധക്ക് കാരണമായതെന്താണെന്ന് വ്യക്തമാവൂ. അതിനു ശേഷമേ തുടർ നടപടി പൂർത്തിയാകൂവെന്ന് കയ്പമംഗലം പൊലീസ് പറഞ്ഞു.
തൃശൂർ: നഗരത്തിലെ ഹോട്ടലുകളില്‍ കോർപറേഷന് ആരോഗ്യവിഭാഗം പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
തൃശൂര്‍ നഗരത്തിലും ഒല്ലൂര്‍ മേഖലയിലും കോർപറേഷന് സെക്രട്ടറി വി.പി. ഷിബുവിന്റെ നേതൃത്വത്തില്‍ നാല് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. മാലിന്യമുക്ത നവകേരളത്തിന്റെയും മഞ്ഞപ്പിത്തം, എലിപ്പനി, ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും തടയുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയത്.
29 ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ ഏഴ് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ അടുക്കളയും പരിസരവും കണ്ടെത്തിയ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
അഞ്ച് ഹോട്ടലുകളില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് കണ്ടെത്തി. പൊതുകാനയിലേക്ക് മലിനജലം ഒഴുക്കിവിടുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി പിഴ ഈടാക്കി. ക്ലീന്‍ സിറ്റി മാനേജര്‍ (ഇൻചാർജ്) ഷാജു, കോർപറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ സ്ക്വാഡിന്റെ ഭാഗമായിരുന്നു.
വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു.
1.കുക്ക് ഡോര്‍, സെന്റ്തോമസ് കോളജ് റോഡ്, തൃശൂര്‍ 2. ചുരുട്ടി ടി സ്റ്റാള്‍, തൃശൂര്‍ 3. പാര്‍ക്ക് ഹോട്ടല്‍, തൃശൂര്‍ 4. റോയല്‍ ഹോട്ടല്‍, ഒല്ലൂര്‍ 5. വിഘ്നേശ്വര ഹോട്ടല്‍, ചെമ്പോട്ടില്‍ ലൈന്‍, തൃശൂര്‍ 6. ഫ്രൂട്ട്സ് ഹോട്ടല്‍, കൊക്കാല 7. സ്വാദ് സദന് ഹോട്ടല്‍, കൊക്കാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.