ഭക്ഷ്യവിഷബാധ: ആറുപേർ ചികിത്സയിൽ, ഹോട്ടല്‍ അടപ്പിച്ചു

തൃശൂര്‍: പടിഞ്ഞാറേക്കോട്ടയിലെ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മതിയായ ശുചിത്വമില്ലായ്മയടക്കം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു.

പിഴയടപ്പിക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഭക്ഷ്യസുരക്ഷ കമീഷണര്‍ക്ക് ശിപാര്‍ശ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഹോട്ടലിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ നടന്ന പരീക്ഷ നടത്തിപ്പ് ചുമതലക്കാരായി എത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 45 പേര്‍ക്കുള്ള പ്രഭാതഭക്ഷണമായി പൂരിയും മസാലയും ഏൽപിച്ചിരുന്നു.

രാവിലെ ഒമ്പതരയോടെയാണ് ഭക്ഷണം കഴിച്ചത്. ഇവരിൽ പലർക്കും പലസമയങ്ങളിലായി ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛര്‍ദിയും വിറയലും അനുഭവപ്പെട്ടു.

അവസ്ഥ ഗുരുതരമായി അനുഭവപ്പെട്ടവരിൽ ആറുപേരെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒല്ലൂര്‍ സ്വദേശി അനീഷ (24), കാനാട്ടുകര സ്വദേശി ആഷിക (24), ആളൂര്‍ സ്വദേശി കീര്‍ത്തന (24), പട്ടിക്കാട് സ്വദേശി റീതു (22), മനക്കൊടി സ്വദേശി ആര്യ (23), പൊന്നൂക്കര സ്വദേശി ശാരദ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഒല്ലൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ആര്‍. രേഷ്മയുടെ നേതൃത്വത്തിലെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധനക്കെത്തി.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും വില്‍ക്കുന്ന ഇവിടെനിന്ന് ഉദ്യോഗസ്ഥരെത്തുംമുമ്പ് തന്നെ എല്ലാം മാറ്റി. അതിനാല്‍ സാമ്പ്ള്‍ ശേഖരിക്കാനായില്ല. ഈച്ചശല്യവും അഴുക്കുചാൽ നിർമാർജന സൗകര്യമില്ലാതെയും ഹോട്ടലിനകവും പരിസരവുമടക്കം വൃത്തിഹീനമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊന്നയ്ക്കല്‍ വീട്ടില്‍ മജീദിന്‍റെ പേരിലാണ് ഹോട്ടൽ ലൈസൻസ്.

Tags:    
News Summary - Food poisoning: Six people treated, hotel closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.