തൃശൂർ: സ്കൂളുകളില്‍ ഭക്ഷ്യസുരക്ഷ ഗുണനിലവാരം ഉറപ്പാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ജില്ല ഭക്ഷ്യസുരക്ഷ ഉപദേശക സമിതി യോഗം. വ്യക്തിശുചിത്വം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് ഭക്ഷണം പാകം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെ മാത്രമേ പാചകം ചെയ്യാന്‍ അനുവദിക്കാവൂ. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്കൂളുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്കൂള്‍’ പദ്ധതി പ്രകാരം സര്ട്ടിഫിക്കേഷന് സമ്മാനിക്കും. എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ശക്തന് ബസ് സ്റ്റാൻഡിന് സമീപം ആകാശപാതയുടെ കീഴിൽ സ്ട്രീറ്റ് ഫുഡ് ഹബ് തുടങ്ങുന്നതിന് വിശദ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കോര്പറേഷന് നിര്‍ദേശം നല്കി. കൂടാതെ, പഞ്ചായത്തിന്റെ അധീനതയില്‍ സമാന സ്ഥലങ്ങള്‍ കണ്ടെത്താന്‍ എല്‍.എസ്.ജി.ഡിയോടും ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള അറവുശാലകള്‍ നിയമാനുസൃതമായി ലൈസന്‍സ് എടുത്ത് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് നിര്‍ദേശിച്ചു. ഇല്ലാത്തവ പരിശോധിച്ച് നടപടി സ്വീകരിക്കും. തെരുവോരങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ പാകം ചെയ്ത ഓയിലുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തില്‍ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് നിര്‍ദേശം നല്കി. പൊതുമരാമത്ത് റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ കോർപറേഷനോട് ആവശ്യപ്പെട്ടു. വഴിയോരങ്ങളില്‍ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കരുത്.
ഹോട്ടല്‍ ഗ്രേഡിങ്ങിന്റെ ഭാഗമായി നടത്തുന്ന ശുചിത്വ റേറ്റിങ്ങിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നവിധം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം. ജില്ലയിലെ ഫ്ലാറ്റുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച് തദ്ദേശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.
മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഉപയോഗിക്കുന്ന കിറ്റുകള്‍ ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് അവബോധം നല്‍കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പരിശീലനം നല്കി. ഹോട്ടലുകളില്‍ മേശകളും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് 228 സ്ഥാപനങ്ങള്‍ പരിശോധിച്ച് 35 എണ്ണത്തിന് നോട്ടീസ് നല്കി. മഴക്കാലത്തോടനുബന്ധിച്ച് നടത്തുന്ന ഓപറേഷന് മണ്‍സൂണിന്റെ ഭാഗമായി ജൂണ്‍ 18 വരെ 299 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 88 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 246 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തതായി അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.