തൃശൂർ: നഗരത്തിൽ ശുദ്ധജല വിതരണം താറുമാറായിട്ട് ഒരാഴ്ച. അഞ്ച് ദിവസത്തോളമായി പലയിടത്തും ശുദ്ധജലവിതരണം മുടങ്ങിയിട്ടും കോർപറേഷൻ നടപടികളിലേക്ക് കടന്നിട്ടില്ല. നടപടിയെടുക്കേണ്ട മേയറും കൗൺസിലർമാരുടെ സംഘവും അമൃത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പഠനവുമായി ഒഡിഷയിലേക്ക് യാത്ര പോയിരിക്കുകയാണ്. നഗരത്തിൽ കൂർക്കഞ്ചേരി, കണ്ണൻകുളങ്ങര, പൂങ്കുന്നം, കേരളവർമ്മ കോളജ് തുടങ്ങി പലയിടങ്ങളിലും ജലവിതരണം നിലച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ കോടികളാണ് കുടിവെള്ളത്തിന് ചെലവഴിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആദ്യമായി കുടിവെള്ള വിതരണത്തിനായി അണക്കെട്ടിന്റെ ഉപരിതലത്തിലെ വെള്ളം ഉപയോഗിക്കുന്നതിനുള്ള ഫ്ളോട്ടിങ് ഇൻ ടേക് പദ്ധതി നടപ്പിലാക്കിയ കോർപറേഷൻ കൂടിയാണ് തൃശൂർ. എന്നാൽ ഇതിന്റെ ഗുണമൊന്നും ജനത്തിന് ലഭിക്കുന്നില്ലെന്നതിന് കൗൺസിലിനകത്ത് നിരന്തരമുയരുന്ന പരാതികൾ തന്നെ തെളിവാണ്.
ദിവസങ്ങൾക്ക് മുമ്പാണ് മാലിന്യസംസ്കരണം പഠിക്കാൻ മേയറുടെ നേതൃത്വത്തിൽ ബംഗളൂരുവിലടക്കം യാത്ര പോയി മടങ്ങിയെത്തിയത്. പിന്നാലെയാണ് കുടിവെള്ളം മുടങ്ങിക്കിടക്കെ പഠിക്കാൻ ഒഡിഷയിലേക്ക് പോയത്. സംസ്ഥാനത്ത് സ്വന്തമായി കുടിവെള്ളം വിതരണം ചെയ്യാൻ അധികാരമുള്ള തദ്ദേശസ്ഥാപനമാണ് കോർപ്പറേഷൻ.
കോർപറേഷന്റെ വിവിധ പദ്ധതികൾ എന്നു പറഞ്ഞു മേയറുടെ നേതൃത്വത്തിൽ നടക്കുന്നത് യാത്രാപൂരമാണെന്നും യാത്രകൾ കൊണ്ട് നടപടികളുണ്ടാവുന്നില്ലെന്നും പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. കോർപറേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കായി കഴിഞ്ഞ ഭരണ സമിതിയുടെയും ഇപ്പോഴത്തെ ഭരണ സമിതിയുടെയും കാലത്ത് നടത്തിയ യാത്രകളുടെ വിശദാംശങ്ങൾ മേയർ വ്യക്തമാക്കണം. യാത്ര നടത്തിയതിന് ശേഷം ചെലവുകൾ അംഗീകരിക്കാനുള്ള അജണ്ട മാത്രമാണ് കൗൺസിലിന് മുന്നിൽ വരുന്നത്. യാത്രകളുടെ ഗുണ ഫലങ്ങളും കൗൺസിൽ മുമ്പാകെ ചർച്ച ചെയ്യണമെന്നും ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു.
ചാവക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്ന ചാവക്കാട് താലൂക്കിലെ തീരദേശ പഞ്ചായത്തുകളിൽ താൽക്കാലിക പരിഹാരമായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചാവക്കാട് താലൂക്ക് വികസന സമിതി അംഗവും ഡി.സി.സി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു. വേനൽ ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകൾക്ക് തനത് ഫണ്ട് ഉപയോഗിച്ചുള്ള ജലവിതരണത്തിന് പ്രത്യേക അനുമതി നൽകാറുണ്ട്.
നിലവിൽ ത്രിതല പഞ്ചായത്തുകൾക്ക് സർക്കാർ ഫണ്ടുകൾ വെട്ടിക്കുറച്ചത് മൂലം പല പഞ്ചായത്തുകളിലും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതു കാരണം തനത് ഫണ്ട് ഉൾപ്പടെ വകമാറ്റി ചിലവഴിക്കുന്നതിനാൽ ഇത്തരം അടിയന്തര ആവശ്യങ്ങൾക്ക് പോലും ഫണ്ട് മാറ്റിവെക്കാനാകാത്ത അവസ്ഥയാണെന്നും കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക ഉത്തരവിറക്കി അനുമതി നൽകണമെന്നും ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.