ഗുരുവായൂർ: അഞ്ച് നൂറ്റാണ്ട് മുമ്പ് കേരളത്തിലെത്തി ഇന്ത്യയിൽ യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട വാസ്കോ ഡ ഗാമയുടെ നാട്ടിൽ ബാലറ്റിലൂടെ തദ്ദേശ സ്ഥാപന ഭരണത്തിലെത്താനുള്ള പോരാട്ടത്തിലാണ് തൃശൂരിൽനിന്നുള്ള മലയാളി യുവാവ്. കണ്ടാണശ്ശേരി നമ്പഴിക്കാട് സ്വദേശി രഘുനാഥ് കടവന്നൂരാണ് പോർചുഗലിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഈ മാസം 26നാണ് തെരഞ്ഞെടുപ്പ്.
11വർഷം മുമ്പാണ് രഘുനാഥ് പോർചുഗലിലെത്തിയത്. പോര്‍ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (പി.സി.പി) സ്ഥാനാർഥിയാണ് രഘുനാഥ്. പി.സി.പിയും പരിസ്ഥിതി സംരക്ഷണ പാര്‍ട്ടിയായ പി.ഇ.വിയും ചേർന്നുള്ള സി.ഡി.യു എന്ന ഇടത് സംഖ്യമാണ് മത്സര രംഗത്തുള്ളത്. വിദേശ തൊഴിലാളികൾക്കെതിരെ ഷേഗ പാർട്ടി പോലുള്ള സംഘടിത വംശീയ പാർട്ടികൾ അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് ഈ വ്യാജപ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാൻ കുടിയേറ്റക്കാരായ കൂടുതൽ പേരെ സ്ഥാനാർഥികളാക്കാൻ ഇടതുപക്ഷം തീരുമാനിച്ചത്. ആ തീരുമാനമാണ് തെൻറ സ്ഥാനാർഥിത്വത്തിന് പിന്നിലെന്ന് രഘുനാഥ് പറയുന്നു. ലിസ്ബൺ ജില്ലയിലെ കഥവാൽ എന്ന നഗരസഭയിലെ വെർമേല എന്ന പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. ഇന്ത്യയിൽനിന്ന് വ്യത്യസ്ഥമായി പോർചുഗലിൽ മുനിസിപ്പാലിറ്റിയും പഞ്ചായത്തും രണ്ട് സംവിധാനമല്ല. സ്വയംഭരണ ദ്വീപ് പ്രവിശ്യകൾക്ക് പുറമെ 18 ജില്ലകളുള്ള ഇവിടെ 308 മുനിസിപ്പൽ കൗൺസിലുകളും 3092 പഞ്ചായത്തുകളുമാണ് (ഫ്രഗ്സ്യ) ഉള്ളത്. പഞ്ചായത്തുകളെല്ലാം അതാത് ജില്ലകളിലെ ഏതെങ്കിലും ഒരു നഗരസഭക്ക് കീഴിലായിരിക്കും. നഗരസഭകളുടെ സ്ഥല വിസ്തീർണം, ജനസംഖ്യ എന്നതിനെ അടിസ്ഥാനമാക്കി അഞ്ചു മുതൽ പത്തു വരെ പഞ്ചായത്തുകൾ നഗരസഭയിൽ ഉണ്ടാകും. വെർമേല പഞ്ചായത്തിലേക്കും കഥവാൽ മുനിസിപ്പൽ അസംബ്ലിയിലേക്കുമാണ് രഘുനാഥ് മത്സരിക്കുന്നത്.
വോട്ട് വ്യക്തികൾക്കല്ല, പാനലിനാണ്. ഒരു വോട്ടർ മൂന്ന് വോട്ട് ചെയ്യണം. പഞ്ചായത്ത് പാനലിനും, മുനിസിപ്പൽ അസംബ്ലിക്കും, മുനിസിപ്പൽ പ്രസിഡൻറിനും. ഇടത് പക്ഷത്തിന് വലിയ ശക്തിയുള്ള മേഖലയല്ല കഥവാൽ എങ്കിലും കരുത്തുറ്റ പ്രതിപക്ഷ നിര പടുത്തുയർത്തുക എന്നതാണ് ലക്ഷ്യമെന്ന് സ്ഥാനാർഥി പറഞ്ഞു. ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിെൻറ പബ്ലിക് റിലേഷൻ ഓഫിസറായാണ് രഘുനാഥ് പോർച്ചുഗലിൽ എത്തിയത്. 2018ൽ സ്ഥാപനം നിർത്തിയതോടെ റസ്റ്റാറൻറിൽ മാനേജരായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലും വടക്കാഞ്ചേരി വ്യാസ കോളജിലുമായിരുന്നു വിദ്യാഭ്യാസം. കണ്ടാണശ്ശേരി പഞ്ചായത്തിലെ സി.പി.എം നമ്പഴിക്കാട് നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ആദ്യകാല പ്രവർത്തകനും 'പൊലിക' മാസിക പത്രാധിപരുമായിരുന്ന പരേതനായ ചന്ദ്രമോഹനെൻറയും മാധവിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.