ഗുരുവായൂര്‍: ആനത്താവളത്തിൽ 15 വർഷത്തിനകം 25ഓളം ആനകൾ ചെരിഞ്ഞ സാഹചര്യത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. പരിപാലനത്തിലെ അശ്രദ്ധയോ ചികിത്സപ്പിഴവോ അല്ല ആനകളുടെ മരണത്തിന് കാരണമെന്ന് ചെയർമാൻ ഡോ. വി.കെ. വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചെരിഞ്ഞ ആനകളിൽ കൂടുതലും 65 വയസ്സ് പിന്നിട്ടവയാണെന്നും ചൂണ്ടിക്കാട്ടി. ഈയിടെ ചെരിഞ്ഞ മാധവൻകുട്ടി ആറു വർഷമായി ടി.ബിക്ക് ചികിത്സയിലായിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു. എല്ലാ ആനകളുടെയും ആരോഗ്യസ്ഥിതി പരിശോധിക്കും. ആനകൾക്ക് നൽകുന്ന പുല്ല്, വാഴപ്പിണ്ടി എന്നിവയിൽ കീടനാശിനി സാന്നിധ്യമുണ്ടോയെന്ന പരിശോധന കർക്കശമാക്കും.
രാത്രിയും പകലും ശുദ്ധജലം ലഭിക്കാൻ നടപടി ഉണ്ടാവും. വ്യായാമക്കുറവ് ആനകളെ ബാധിക്കുന്നതിനാൽ ആനത്താവളത്തിൽ തന്നെ നടക്കുന്നതിന് സംവിധാനമൊരുക്കും. 10 കിലോമീറ്റർ വരെയുള്ള എഴുന്നള്ളിപ്പുകൾക്ക് ആനകളെ നടത്തിക്കൊണ്ടുപോകണമെന്നത് നിർബന്ധമാക്കി. ശരീരഭാരം കൂടിയ നന്ദനെ ലോറിയിൽ ദീർഘദൂരം കൊണ്ടുപോകുന്നത് ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
150 കിലോമീറ്ററിനപ്പുറത്തേക്ക് നന്ദനെ ഇനി അയക്കില്ല. ആനകളെ കുളിപ്പിക്കാവുന്ന വിധത്തിൽ ആനത്താവളത്തിലെ കുളം നവീകരിക്കും. ദാമോദർദാസ് തുടർച്ചയായി ഒന്നാം പാപ്പാനെ ആക്രമിക്കുന്ന സാഹചര്യത്തിൽ ഈ ആനയെ മദപ്പാട് കാലം കഴിയുംവരെ പുറം എഴുന്നള്ളിപ്പുകൾക്ക് അയക്കില്ല. മദപ്പാട് കാലം തുടങ്ങുന്നതോടെ ഒന്നാം പാപ്പാനെ മാറ്റുകയും ചെയ്യും.
ആരോഗ്യസ്ഥിതി മോശമായിരുന്ന ഇന്ദ്രസെൻ, പ്രായാധിക്യമുള്ള താര എന്നീ ആനകൾ ദേവസ്വം മികച്ച പരിചരണം നൽകിയതിനാലാണ് ആരോഗ്യം വീണ്ടെടുത്തതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. ആനകൾക്ക് നൽകുന്ന ചികിത്സയുടെ പേരിൽ ഡോക്ടർമാരെ ഒറ്റതിരിച്ച് ആരോപണവിധേയരാക്കുന്നത് ശരിയല്ല. ജീവധനം വിദഗ്ധ സമിതിയുടെ തീരുമാനമനുസരിച്ചാണ് ചികിത്സ നൽകുന്നത്.
ആനത്താവളത്തിൽ ഈയിടെ ചെരിഞ്ഞ മാധവൻകുട്ടിയടക്കമുള്ള മൂന്ന് ആനകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദേവസ്വത്തിന് ലഭിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, സി. മനോജ്, മനോജ് ബി. നായർ, ചെങ്ങറ സുരേന്ദ്രൻ, കെ.ആര്. ഗോപിനാഥ്, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി, മാനേജർ ലെജുമോൾ, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. കെ. വിവേക്, ഡോ. ചാരുജിത്ത് നാരായണന്, ദേവൻ നമ്പൂതിരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.