ഗുരുവായൂര്‍: ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശനിയാഴ്ച 70 വയസ്സ്. 1934 ജനുവരി 11നാണ് ഗാന്ധിജി ഗുരുവായൂരിലെത്തിയത്. ഹിന്ദു സമുദായത്തിലെ കീഴ്ജാതിക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കാന്‍ നടന്ന ഐതിഹാസിക സമരമായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹം. ഗാന്ധിജിയുടെ അനുമതിയോടെ 1931 നവംബര്‍ ഒന്നിനാണ് സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി 1932 സെപ്റ്റംബര്‍ 21ന് കേളപ്പന് നിരാഹാരം ആരംഭിച്ചു.
കേളപ്പന് അവശനായതോടെ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 1932 ഒക്ടോബര്‍ ഒന്നിന് കേളപ്പന് നിരാഹാരം അവസാനിപ്പിച്ചു.
ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കുക എന്ന ലക്ഷ്യം നേടാതെ സത്യഗ്രഹം അവസാനിപ്പിച്ചു. സമരത്തിന്റെ തുടര്‍ച്ചയായാണ് 1934 ജനുവരി 11ന് ഗാന്ധിജി ഗുരുവായൂരിലെത്തിയത്. ഗാന്ധിജി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. പ്രസംഗിക്കാന്‍ ഉദ്ദേശിച്ച സ്ഥലം പ്രമാണികള്‍ ഇടപെട്ട് മുടക്കി. സത്യഗ്രഹ അനുകൂലിയായ കിടുവത്ത് കൃഷ്ണന് നായരുടെ പാടമാണ് പിന്നീട് സമ്മേളന വേദിയായത്.
ഇന്നത്തെ നഗരസഭ ലൈബ്രറി നില്‍ക്കുന്നത് ഈ സ്ഥലത്താണ്. ഗാന്ധിജി ഗുരുവായൂരിലെത്തി പ്രസംഗിച്ച സ്ഥലത്ത് 1975 ഒക്ടോബര്‍ 18ന് ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചു. ഹരിജന ക്ഷേമ മന്ത്രിയായിരുന്ന വി. ഈച്ചരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പിന്നീട് നഗരസഭ ഇവിടെ സ്മൃതി മണ്ഡപം ഒരുക്കി.
ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശന നവതി കേരള ഹരിജന്‍ സേവക് സംഘിന്റെ നേതൃത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ സജീവന് നമ്പിയത്ത് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് ഗുരുവായൂര്‍ കിഴക്കെ നടയിലുള്ള ഗാന്ധി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മഹാത്മാഗാന്ധിയുടെ പൗത്രനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത സത്യഗ്രഹികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും കുടുംബാംഗങ്ങളെ പൊന്നാട അണിയിക്കും. നവതി വിളംബര സമ്മേളനത്തില്‍ ഹരിജന്‍ സേവക് സംഘ് സംസ്ഥാന ചെയര്മാന് ഡോ. എന്‍. ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിക്കും. ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.