ഗുരുവായൂര്‍: ആനക്കഥകളില്‍ ചക്രവര്‍ത്തിയായി വിലസുന്ന ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. കേശവന്റെ രൂപം പ്രതിമയില്‍ കാണുന്നത് പോലെയല്ലെന്നാണ് ഒരു വിഭാഗം ആനപ്രേമികള്‍ പറയുന്നത്. 1976 ഡിസംബര്‍ രണ്ടിന് ചെരിഞ്ഞ കേശവന്റെ സ്മരണക്കായി 1982ല്‍ തന്നെ പ്രതിമ നിര്‍മിച്ചിരുന്നു.
പ്രശസ്ത ശില്‍പി ആര്‍.ഡി. ദത്തനാണ് നിര്‍മിച്ചത്. കേശവന്‍ ചെരിഞ്ഞയിടത്താണ് ശ്രീവത്സം ഗെസ്റ്റ് ഹൗസിന് മുന്നിലായി ആനയുടെ അതേ വലിപ്പത്തിലുള്ള ശില്‍പം ഉയര്‍ന്നത്. എല്ലാവര്‍ഷവും കേശവന്‍ അനുസ്മരണ ദിനത്തില്‍ ഈ പ്രതിമയെ ആനകള്‍ വണങ്ങുന്ന ചടങ്ങും നടത്തി വരുന്നുണ്ട്. ഇത്തവണത്തെ അനുസ്മരണത്തിന് മുമ്പായാണ് നവീകരിച്ചത്.
രായിരനെല്ലൂര്‍മലയില്‍ നാറാണത്തുഭ്രാന്തന്റെ പ്രശസ്തമായ ശിൽപമടക്കം പണിതിട്ടുള്ള കലാകാരന്‍ സുരേന്ദ്രകൃഷ്ണനാണ് കേശവന്റെ ശില്‍പം നവീകരിച്ചത്. ഇതിന് കേശവന്റെ രൂപവുമായി സാമ്യമില്ലെന്നാണ് അഭിപ്രായമുയര്‍ന്നിട്ടുള്ളത്. എന്നാല്‍, നേരത്തെയുണ്ടായിരുന്ന ശില്‍പത്തിന് കേശവന്റെ രൂപമല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
കേശവനെ നേരില്‍ കണ്ടവരുമായി സംസാരിച്ചും ലഭ്യമായ ചിത്രങ്ങള്‍ ആധാരമാക്കിയുമാണ് ശില്‍പം നിര്‍മിച്ചതെന്നാണ് സുരേന്ദ്രകൃഷ്ണന്‍ പറയുന്നത്. എന്തായാലും കേശവന്റെ നവീകരിച്ച പ്രതിമക്ക് ചന്തം പോരെന്ന ആക്ഷേപം ആനപ്രേമികളില്‍ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.