നവീകരിച്ച വന്നേരി കിണർ

പുതുലാവണ്യത്തോടെ വന്നേരി കിണർ

ഗുരുവായൂര്‍: അമ്മ മക്കളെ പാലൂട്ടി വളർത്തുംപോലെ ഒരുനൂറ്റാണ്ടിലേറെ നാടിന് ദാഹജലം പകർന്ന കിണറിന് പുതുലാവണ്യം. ഗുരുവായൂർ നഗരസഭയിലെ ഇരിങ്ങപ്പുറത്തെ വലിയൊരു പ്രദേശത്തിന് ദാഹജലം പകർന്ന വന്നേരി കിണറിനെയാണ് വാർഡ് കൗൺസിലറായ അഭിലാഷ് വി. ചന്ദ്ര​െൻറ നേതൃത്വത്തിൽ നവീകരിച്ചത്.

മണൽ പ്രദേശമായ ഇവിടെ നാല് മീറ്ററോളം വ്യാസമുള്ള വെട്ടുകല്ലിലുള്ള കിണർ തന്നെ ഒരു അത്ഭുതമാണ്. ഇത് എന്നാണ് നിർമിച്ചതെന്ന് മുൻ തലമുറക്കുപോലും അറിയില്ലെന്നാണ് പഴമക്കാർ പറയുന്നത്. 'ഭൂതത്താന്മാർ ചേർന്ന് ഒറ്റരാത്രികൊണ്ട് നിർമിച്ച കിണർ' എന്നൊരു സങ്കൽപകഥ പ്രദേശത്ത് നിലവിലുണ്ട്.

ചെങ്കല്ലുകൾ സി​മ​േൻറാ മറ്റ് മിശ്രിതങ്ങളോ ഉപയോഗിക്കാതെ ചേർത്ത് വെച്ചാണ് കിണറിെൻറ നിർമിതി. ഓരോ വീട്ടിലും കിണറില്ലാതിരുന്ന കാലത്ത് പ്രദേശവാസികൾക്ക് ഏക ആശ്രയം വറ്റാത്ത തെളിനീരുറവയുള്ള വന്നേരി കിണറായിരുന്നു.

കിണറ്റിൻകരയിൽ ആളൊഴിഞ്ഞ നേരമില്ലാത്ത കാലമായിരുന്നു അത്. ഈ കിണറിനെ നാട് എത്രമേൽ സ്നേഹിച്ചിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 1979ൽ അമേരിക്കയുടെ ബഹിരാകാശ നിലയമായ 'സ്കൈലാബ്' താഴോട്ട് പതിക്കുമെന്ന വാർത്ത പരന്നപ്പോൾ അതിെൻറ ഭാഗങ്ങൾ കിണറ്റിൽ വീഴാതിരിക്കാൻ ഏറെ കഷ്​ടപ്പെട്ട് കിണർ മൂടിയിട്ടതാണ് ഒരു സംഭവം.

അക്കാലത്തുതന്നെ സമ്പൂർണ സൂര്യഗ്രഹണമുണ്ടായപ്പോഴും 'വിനാശ രശ്മികൾ' കിണറ്റിൽ പതിക്കാതിരിക്കാൻ നാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട കിണറിനെ മൂടി സംരക്ഷിച്ചു. വർഷംതോറുമുള്ള കിണർ വൃത്തിയാക്കലൊക്കെ നാട്ടുകാർ ഒത്തുചേർന്നുള്ള ഒരു ഉത്സവമായിരുന്നു. വീടുതോറും കിണറായപ്പോൾ വന്നേരി കിണറിെൻറ പ്രാധാന്യം കുറഞ്ഞു.

കിണറിെൻറ ആൾമറയും മറ്റും നശിക്കാനും കുറ്റിച്ചെടികൾ വളരാനും തുടങ്ങി. കൽക്കിണറുകളുടെ സംരക്ഷണത്തിന് നഗരസഭ പദ്ധതി തയാറാക്കിയെങ്കിലും അത് ചുവപ്പുനാടയിൽ കുരുങ്ങി. ഈ സാഹചര്യത്തിലാണ് പൈതൃക സ്വത്തായ കിണറിനെ സംരക്ഷിക്കാൻ വാർഡ് കൗൺസിലർ കൂടിയായ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ മുൻകൈയെടുത്തത്. നാട്ടിലെ എല്ലാ രാഷ്​ട്രീയ പ്രസ്ഥാനങ്ങളും പിന്തുണക്കുകയും ചെയ്തു.

കനറ ബാങ്കിെൻറ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. പ്രദേശത്തിന് വന്നേരി ജങ്ഷൻ എന്ന പേരും നൽകി. കൃഷി വകുപ്പിെൻറ ജീവനി പദ്ധതിയിൽ കിണറിെൻറ പരിസരത്ത് രാമച്ചം, ബ്രഹ്മി, വയമ്പ്, മുരിങ്ങ, കറിവേപ്പ്, മാതളം, നെല്ലി, നാരകം തുടങ്ങിയ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു.

നവീകരിച്ച കിണർ ഞായറാഴ്ച വൈകീട്ട് നാലിന് ചീഫ് വിപ്പ് കെ. രാജൻ നാടിന് സമർപ്പിക്കും. കെ.വി. അബ്​ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ അധ്യക്ഷ എം. രതി മുഖ്യാതിഥിയാകും. കിണറിെൻറ ചരിത്രം ഉൾക്കൊള്ളുന്ന സ്മരണികയും പണിപ്പുരയിലാണ്. 

Tags:    
News Summary - renovation of the well, the heritage property of Iringapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.