തേടിയെത്തിയത് വിജയാനുഗ്രഹം; കേൾക്കേണ്ടി വന്നത് എതിർസ്ഥാനാർഥി മാഹാത്മ്യം

ഗുരുവായൂർ: വിജയാനുഗ്രഹം തേടി സ്ഥലത്തെ പ്രധാന ദിവ്യരെ തേടിയിറങ്ങിയ സ്ഥാനാർഥിക്ക് 'കൈ പൊള്ളി'. പത്രിക സമർപ്പിക്കും മുമ്പേ പ്രദേശത്തെ പ്രമുഖരെ നേരിൽ കണ്ട് അനുഗ്രഹം തേടിയിറങ്ങിയതായിരുന്നു സ്ഥാനാർഥി. പ്രവർത്തകരുടെ അകമ്പടിയൊന്നുമില്ലാതെയാണ് പ്രമുഖ‍​െൻറ ഓഫിസിലെത്തിയത്.

എന്നാൽ ഇദ്ദേഹം മത്സരിക്കുന്ന കാര്യമൊന്നും അറിയാത്ത 'പ്രമുഖൻ' സ്ഥാനാർഥിക്ക് വാ തുറക്കാനാവും മുമ്പേ സംസാരം തുടങ്ങി. അതേ വാർഡിൽ നിൽക്കുന്ന എതിർ സ്ഥാനാർഥി വിജയമുറപ്പിച്ച വിശേഷമാണ് പ്രമുഖന് നിരത്താനുണ്ടായിരുന്നത്. എന്തുകൊണ്ടാണ് നിലവിലെ കൗൺസിലർ കൂടിയായ എതിർ സ്ഥാനാർഥി വിജയിക്കുകയെന്ന് കാര്യകാരണ സഹിതം സമർഥിച്ചു.

അനുഗ്രഹം വാങ്ങാനെത്തിയ ആൾ നിന്ന് വിയർക്കുന്നതൊന്നും ശ്രദ്ധിക്കാതെ പ്രമുഖ‍​െൻറ തെരഞ്ഞെടുപ്പ് അവലോകനം കത്തിക്കയറി. ഒടുവിൽ അനുഗ്രഹം തേടിയിറങ്ങിയ ആൾ ഇടപെട്ട് താനാണ് ഇവിടെ മത്സരിക്കുന്നതെന്ന് പറഞ്ഞൊപ്പിച്ചപ്പോൾ വെട്ടിലായത് എതിർ സ്ഥാനാർഥിയുടെ വിജയം പ്രവചിച്ച പ്രമുഖനാണ്.

അമളി മനസ്സിലാക്കിയ അദ്ദേഹം ''ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഈ വഴി നീങ്ങിയാൽ താങ്കൾക്ക് വിജയിക്കാം'' എന്ന ലൈനിലേക്ക് മാറി. പ്രവർത്തകരുടെ അകമ്പടിയില്ലാതെ ഇറങ്ങിയാൽ കാര്യം മനസ്സിലാക്കാതെ പലരും അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത് കേൾക്കേണ്ടി വരുമെന്ന പാഠം പഠിച്ചാണത്രെ സ്ഥാനാർഥി പ്രമുഖ‍​െൻറ ഓഫിസിൽനിന്ന് ഇറങ്ങിയത്.

Tags:    
News Summary - Sought success blessing; candidate had to hear was the greatness of the opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.