തൃശൂർ: നേരത്തെ ഗുരുവായൂരിൽനിന്ന് പുനലൂർ വരെ സർവിസ് നടത്തിയിരുന്ന എക്സ് പ്രസ് ട്രെയിൻ മധുരവരെ നീട്ടുകയും ഇതിന്റെ ഭാഗമായി കോച്ചുകൾ വെട്ടിക്കുറക്കുകയും ചെയ്തതോടെ യാത്രികർ നരകയാതനയിൽ. കാലുകുത്താൻ ഇടമില്ലാതെയാണ് ദിവസവും യാത്ര. രാവിലെ 5.50ന് പുറപ്പെടുന്ന ഗുരുവായൂർ-മധുര (ട്രെയിൻ നമ്പർ-16328) എക്സ്പ്രസ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് ജോലിയാവശ്യത്തിനായി പോകുന്നവരുടെ പ്രധാന ആശ്രയമാണ്. നേരത്തെ പുനലൂർ വരെ സർവിസ് നടത്തിയിരുന്നപ്പോഴും തിരക്കേറെയായിരുന്നു.
ഈയടുത്താണ് മധുരവരെ നീട്ടിയത്. ഇതോടെ 18കോച്ചുകളുണ്ടായിരുന്നത് 14കോച്ചുകളായി ചുരുങ്ങി. കൊല്ലം-ചെങ്കോട്ട പാതയിൽ 18 കോച്ചുകൾ ഓടിക്കാൻ അനുമതിയില്ലാത്തതാണ് നാല് കോച്ചുകൾ വെട്ടിക്കുറക്കാൻ കാരണം. ഇങ്ങനെ വെട്ടിക്കുറച്ചതു കൂടാതെ മൂന്ന് കോച്ചുകൾ റിസർവേഷനാക്കി. രണ്ടെണ്ണം ഗാർഡുകൾക്കും പാർസലിനും നീക്കിവെച്ചു. ഇതോടെ നിത്യയാത്രികരായ നൂറുകണക്കിന് ആളുകൾക്ക് യാത്രചെയ്യാനുള്ള കോച്ചുകളുടെ എണ്ണം ചുരുങ്ങി. തൃശൂരിൽനിന്ന് എടുക്കുമ്പോഴേക്കും കാലുകുത്താൻ ഇടമില്ലാത്തവിധമാകും തിരക്ക്.
ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ വീർപ്പുമുട്ടന്ന അവസ്ഥയാകും. പലപ്പോഴും യാത്രക്കാർക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ഈ പാതയിൽ 18കോച്ചുകളുമായി സർവിസ് നടത്താൻ എം.പി മുഖേന കത്തുനൽകിയെങ്കിലും ഇനിയും തീരുമാനമായില്ല. അടിയന്തരമായി ഇക്കാര്യത്തിൽ പരിഹാരമുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തൃശൂരിൽ പുലർച്ചെ 4.20ന് എത്തുന്ന ഷൊർണൂർ-എറണാകുളം മെമു(06017) യാത്രക്കാരില്ലാതെയാണ് മിക്കപ്പോഴും സർവിസ് നടത്തുന്നത്. ഈ ട്രെയിന്റെ സമയം പരിഷ്കരിച്ചാലും നിലവിലുള്ള യാത്രാക്ലേശത്തിന് പരിഹാരമാകും.
ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുര വരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്ഡ് ആയി മാറുകയും ചെയ്തതോടെ ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ യാത്രചെയ്തിരുന്ന സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായി. ഈ വണ്ടിയെ ആശ്രയിച്ച് വർഷങ്ങളായി പോയിരുന്നവർ ഗതികേടിലാണ്. സീറ്റുകൾ നിറഞ്ഞ് തൃശൂരിൽ നിന്നുതന്നെ യാത്രക്കാർ നിൽപ്പ് തുടങ്ങും. ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ള യാത്രികർക്ക് വണ്ടിയിൽ കയറാൻ തന്നെ സാധിയ്ക്കാത്ത അവസ്ഥയാണ്. കയറിയവർക്ക് ശ്വാസം കിട്ടാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിച്ച് യാത്രികർക്ക് മതിയായ യാത്ര സൗകര്യം ലഭ്യമാക്കണം.
പി. കൃഷ്ണകുമാർ,
ജന.സെക്ര. തൃശൂർ റെയിൽവേ
പാസഞ്ചേഴ്സ് അസോസിയേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.