തളിക്കുളം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ഇടറോഡുകൾ ഇല്ലാതാകുന്നതോടെ തളിക്കുളം പുലാമ്പുഴക്കടവ് കനോലി കനാലിന്റെ തീരദേശത്ത് താമസിക്കുന്നവരും പുന്നച്ചോട്, പുളിയം തുരുത്ത് മേഖലയിലുള്ളവർക്കും യാത്ര ദുരിതമാകും. വാടാനപ്പള്ളി മുതൽ തളിക്കുളം വരെ നീളുന്ന ബൈപ്പാസ് വരുമ്പോൾ പുലാമ്പുഴയിലും പുളിയം തുരുത്തിലും ഇടറോഡ് അടച്ചുകെട്ടാനൊരുങ്ങുകയാണ് അധികൃതർ.
ഇതോടെ പ്രദേശവാസികൾക്ക് ടിപ്പു സുൽത്താൻ റോഡിലേക്കോ ഹൈവേയിലേക്കോ അനുബന്ധ റോഡുകളിലേക്കോ പ്രവേശനം ബുദ്ധിമുട്ടിലാകും. റേഷൻ കട, ഹെൽത്ത് സെന്റർ, അംഗൻവാടികൾ, സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇവിടങ്ങളിലാണ്.
ഈ റോഡ് അടക്കുന്നതോടെ ബൈപ്പാസ് സർവീസ് റോഡിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. രോഗികളേയും ഗർഭിണികളേയും ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും വാഹനം എത്താൻ കഴിയാത്ത അവസ്ഥയാകും. 2018ലെ പ്രളയത്തിലകപ്പെട്ട പ്രദേശമാണ്.
പണി തീർത്ത ബൈപ്പാസിലെ കലുങ്കുകൾ അടച്ചതിനാൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ വെള്ള കെട്ടിനും കാരണമാകും. കലുങ്കുകളോടനുബന്ധിപ്പിച്ച് വരുമെന്ന് പറഞ്ഞ കാനകളുടെ പണി ഇതുവരെ ആരംഭിക്കുകയോ, വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല.
ഇത്തരം പ്രശ്നങ്ങൾ പരിഗണിച്ച് നിലവിലെ പുലാമ്പുഴ-പുന്നച്ചോട് റോഡ് നില നിർത്തി, ഇരു വശങ്ങളിലും സർവീസ് റോഡുകൾ നിർമിച്ച് ഗതാഗത സൗകര്യം പുനർനിർമിക്കാനും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ ടി.എൻ. പ്രതാപൻ എം.പിക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകി.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഞായറാഴ്ച വൈകീട്ട് 4.30ന് ഇടശ്ശേരി പള്ളിമുക്കിലെ സി.എസ്.എം.കെ.ജി കെട്ടിട ത്തിൽ യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.