ഇരിങ്ങാലക്കുട: ആർ.എസ്.എസിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ക്രിസ്ത്യൻ വിരുദ്ധ അജണ്ടയാണ് കേന്ദ്ര സർക്കാറിന്റെ ഒത്താശയോടെ മണിപ്പൂരിൽ നടപ്പാക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ സർക്കാറിനെ പുറത്താക്കണം. വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം ഇക്കാര്യത്തിൽ വിളിച്ച് ചേർക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടിനെതിരെ ഇരിങ്ങാലക്കുടയിൽ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യനിര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡബിൾ എൻജിൻ ഭരണം പരാജയപ്പെട്ടതിന്റെ കുറ്റബോധമാണ് പ്രധാനമന്ത്രിയുടെ മൗനത്തിൽ നിഴലിക്കുന്നത്. മണിപ്പൂരിൽ ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവരെയാണ് വേട്ടയാടുന്നതെങ്കിൽ അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങളെയാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്.
ശിശു വിവാഹ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ആറായിരത്തോളം മുസ്ലിം യുവാക്കളെയാണ് തടവിലിട്ടത്. ഛത്തീസ്ഗഢിൽ ക്രൈസ്തവ മതത്തിലേക്ക് മാറിയ ഗോത്രവർഗ വിഭാഗങ്ങളാണ് ക്രൂരതകൾക്ക് ഇരയാകുന്നത്. റബറിന് 300 രൂപയാക്കിയാൽ പാർലമെന്റ് സീറ്റ് ബി.ജെ.പിക്ക് വാഗ്ദാനം ചെയ്ത ക്രിസ്ത്യൻ മത മേധാവികൾ ഛത്തിസ്ഗഢ് സന്ദർശിക്കാൻ തയാറാകണം.
ആദിവാസി, ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള ക്രൂരതകളും പള്ളികൾ തകർക്കുന്നതും തടയാൻ ഛത്തിസ്ഗഢ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ തയാറായില്ലെന്നും അവർ പറഞ്ഞു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി അധ്യക്ഷത വഹിച്ചു.
നേതാക്കളായ സൂസൻ കോടി, സി.എസ്. സുജാത, എൻ. സുകന്യ, ഉഷ പ്രഭുകുമാർ, മേരി തോമസ്, പി.കെ. സൈനബ, കെ.പി. സുമതി, അഡ്വ. കെ.ആർ. വിജയ, സി.പി.എം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.