ഇരങ്ങാലക്കുട: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പുരപ്പുറ സൗരോർജ പ്ലാന്റുകളെ സംയോജിപ്പിച്ച് കേന്ദ്രീകൃത ഊർജ സംഭരണം ലക്ഷ്യമിടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) രൂപകൽപ്പന ചെയ്യുന്നതിന് സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം.
ബംഗളൂരു കേന്ദ്രമാക്കി പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സ് എന്ന എൻ.ജി.ഒയുടെ സഹകരണത്തോടെ കെ.എസ്.ഇ.ബിക്ക് വേണ്ടിയാണ് പഠനം.
നിലവിൽ മൂന്ന് മെഗാ വാട്ട് സഞ്ചിത ശേഷിയിൽ അഞ്ഞൂറിലേറെ പുരപ്പുറ സൗരോർജ പ്ലാന്റുകൾ പെരിഞ്ഞനത്ത് നിലവിലുണ്ട്. ബാറ്ററി സംവിധാനം നിലവിൽ വന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് പീക് ലോഡ് സമയങ്ങളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വിൽക്കാൻ കഴിയും.
സർവേക്ക് മുന്നോടിയായി പ്രഫ. ശശി കോട്ടയിൽ, ഡോ. ജയരാമൻ ചിറയിൽ, ഹരി സുബീഷ്കുമാർ എന്നിവർ വളന്റിയർമാർക്ക് പരിശീലനം നൽകി. ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഔട്ട്റീച്ച് ആൻഡ് പ്രഫഷനൽ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. സുധ ബാലഗോപാലന്റെ മേൽനോട്ടത്തിൽ നടന്ന പഠനത്തിന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എ.എൻ. രവിശങ്കർ, അസി. പ്രഫ. കെ.കെ. ബെന്നി എന്നിവർ നേതൃത്വം നൽകി. അമ്പതോളം വിദ്യാർഥികള്‍ സർവേയിൽ പങ്കാളികളായി. കോളജിൽ നടന്ന ചടങ്ങിൽ എക്സി. ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സർവേ റിപ്പോർട്ട് അസർ പ്രതിനിധികൾക്ക് കൈമാറി.
പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.