ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പടിയൂർ-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പായമ്മൽ റോഡിലെ പുളിക്കലച്ചിറ പാലം പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ചില സാങ്കേതിക കാരണങ്ങളാൽ 250 കോടി ചിലവുള്ള റോഡ് നിർമാണ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആയിരുന്നില്ല. വിഷയത്തിൽ ഇടപെടുകയും പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. പുളിക്കലച്ചിറ പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾക്കായി ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയാണ് അനുവദിച്ചത്. പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ പടിയൂർ പൂമംഗലം പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാസൗകര്യവും നാലമ്പല തീർഥാടന കാലത്ത് പായമ്മൽ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാവുകയും സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകുയും ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
പുളിക്കലച്ചിറ പാലം പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ സി.എം. സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. തമ്പി ജനപ്രതിനിധികളായ ടി.വി. വിബിൻ, ജയശ്രീലാൽ, രാജേഷ് അശോകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് പാലം വിഭാഗം അസി എക്സിക്യൂട്ടിവ് എൻജിനീയർ നിമേഷ് പുഷ്പൻ സ്വാഗതവും അസി. എൻജിനീയർ എം.എം. ബിന്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.