ഇരിങ്ങാലക്കുട: തദ്ദേശ മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം. ദേശീയ, സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഡിസംബർ നാലിന് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങ്ങൾക്കുള്ളിൽ നിർത്തിയത്.
രണ്ട് നിലകളിലായി ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടമാണ് ഠാണാവിൽ പൂതംകുളം മൈതാനിയിൽ നിർമിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. വാടക തുകയായി നഗരസഭ അധികൃതർ നിശ്ചയിച്ച പത്ത് ലക്ഷം രൂപക്ക് എറ്റെടുക്കാൻ ആരും തയാറാകാഞ്ഞതിനെ തുടർന്ന് അടഞ്ഞ് കിടക്കാനായിരുന്നു മാസങ്ങളോളം ടേക്ക് എ ബ്രേക്കിന്റെ വിധി.
ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷൻ ഉപയോഗിച്ച് മാത്രം ശുചീകരണ സംവിധാനങ്ങൾ നിലനിർത്താൻ കഴിയില്ലെന്ന് ബോധ്യമായതോടെ ടാങ്കുകൾക്കും കുഴൽകിണർ സംവിധാനത്തിനുമായി 2023-‘24 വർഷത്തിൽ നാല് ലക്ഷം രൂപ കൂടി നഗരസഭ ചെലവഴിച്ചു. ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ വാടക എന്ന വ്യവസ്ഥയിൽ 2024 എപ്രിലിലാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ടേക്ക് എ ബ്രേക്ക് ഒടുവിൽ പ്രവർത്തനം ആരംഭിച്ചത്.
കെട്ടിടത്തിന് മുന്നിൽ കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ് ഒടുവിൽ തട്ടുകടയുടെ ശൈലിയിലേക്ക് മാറുകയും ചെയ്തതോടെ വിമർശനങ്ങളും ഉയർന്നു. ഉയർന്ന വാടകയും അഞ്ച് ജീവനക്കാരുടെ ചെലവും കണ്ടെത്താൻ വേറെ വഴികൾ ഇല്ലായിരുന്നെന്നും ടോയ്ലറ്റ് സൗകര്യങ്ങൾ ആരും കാര്യമായി ഉപയോഗിച്ചിരുന്നില്ലെന്നും നടത്തിപ്പുകാർ പറയുന്നു. കെട്ടിടത്തിന്റെ കാഴ്ച മറച്ചായിരുന്നു ഭക്ഷണശാലയുടെ പ്രവർത്തനമെന്നും ഇതോടെ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പാഴായെന്നും നഗരസഭ അധികൃതരും പറയുന്നു. വിമർശനങ്ങൾ നഗരസഭ യോഗങ്ങളിലും ഉയർന്നു.
ഇതിനിടെ റോഡ് നിർമാണത്തിന്റെ ഭാഗമായി ഇത് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങളും വന്നതോടെ ‘ടേക്ക് എ ബ്രേക്ക് തട്ടുകട’ യിലേക്ക് ആരും കടക്കാതെയുമായി. അടച്ചിടുക അല്ലാതെ വഴിയില്ലായിരുന്നുവെന്നും റോഡ് പണി പൂർത്തിയായാലും പദ്ധതി എറ്റെടുത്ത് നടത്താൻ താൽപര്യമില്ലെന്നും കരാറുകാരൻ വ്യക്തമാക്കിക്കഴിഞ്ഞു. 25 ലക്ഷത്തോളം രൂപ ചെലവഴിച്ച പദ്ധതിക്കാണ് പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ അന്ത്യമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.