അതിദാരിദ്ര്യ നിർമാർജനം: ഇരിങ്ങാലക്കുടയിൽ 94 ലക്ഷം രൂപയുടെ പദ്ധതികൾ

ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള സർക്കാർ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ നടത്തിപ്പിലേക്ക് ഇരിങ്ങാലക്കുട നഗരസഭ. വിപുലമായ സർവേകളുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിലെ 41 വാർഡിൽനിന്നായി 197 ഗുണഭോക്താക്കളെ കണ്ടെത്തി.

സ്വന്തമായി വരുമാനം ഇല്ലാത്തവരും ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരും പരസഹായം ആവശ്യമുള്ള കിടപ്പുരോഗികളുമാണ് വാർഡ്തല സമിതികളും കൗൺസിലും അംഗീകരിച്ച ലിസ്റ്റിലുള്ളത്.

2022-23 വർഷത്തിൽ 10 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിന് നീക്കിവെച്ചത്. മൂന്ന് വർഷത്തേക്കായി 94 ലക്ഷം രൂപയാണ് ചെലവഴിക്കുക. ഇവരിൽ വീടില്ലാത്തവർക്ക് വീടുകൾ നിർമിച്ച് നൽകാനും ലക്ഷ്യമിടുന്നു. പൊതുജനങ്ങളിൽനിന്ന് ഫണ്ട് കണ്ടെത്താൻ അക്കൗണ്ടും ആരംഭിച്ചു.

ഗുണഭോക്താക്കൾക്കാവശ്യമായ ഭക്ഷണം, മരുന്ന്, പെൻഷൻ, കിടപ്പുരോഗികൾക്ക് ആവശ്യമായ പാലിയേറ്റിവ് സഹായം, റേഷൻ, ആധാർ കാർഡുകൾ ഉറപ്പുവരുത്താനുള്ള നടപടി എന്നിവ ആദ്യഘട്ടത്തിൽ സ്വീകരിക്കും.

വാർഡ്തലത്തിലെ നടത്തിപ്പിന് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശ വർക്കർമാരും ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിക്കാനും ആവശ്യങ്ങൾ നേരിട്ടറിയാനും രംഗത്തുണ്ട്.

ഗുണഭോക്താക്കളുടെ ആരോഗ്യസംബന്ധമായ അവസ്ഥകൾ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 ഗുണഭോക്താക്കൾ പങ്കെടുത്തു.

Tags:    
News Summary - Eradication of extreme poverty-Rs 94 lakh projects in Iringalakuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.