തൃശൂർ: കേരളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണന തുറന്നുകാട്ടിയും കേരളത്തിലെ മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങൾ പങ്കുവെച്ചും സി.പി.എം ജനകീയ പ്രതിരോധയാത്ര ഞായറാഴ്ചയും ജില്ലയിൽ പര്യടനം തുടർന്നു. ജാഥയുടെ രണ്ടാംനാളിൽ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം.
രാവിലെ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുമായുള്ള കൂടിക്കാഴ്ചക്കും പതിവ് വാർത്തസമ്മേളനത്തിനും ശേഷമായിരുന്നു നാട്ടിക മണ്ഡലത്തിലെ പൂവത്തൂരിൽനിന്ന് ജാഥ തുടങ്ങിയത്. സ്വീകരണ കേന്ദ്രങ്ങളിൽ കേന്ദ്രത്തിന്റെ കേരളത്തോടുള്ള കടുത്ത അവഗണനയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരവും കേരളത്തിൽ പ്രതിപക്ഷത്തിന്റെ സമീപനങ്ങളും മാധ്യമങ്ങളുടെ നിലപാടുകളും ജാഥാംഗങ്ങൾ വിശദീകരിച്ചു.
പ്രതിസന്ധികൾക്കിടയിലും കേരളം നേടിയ വളർച്ചയും വികസന പ്രവർത്തനങ്ങളും ദേശീയപാത വികസനം തുടങ്ങി കെ-റെയിൽ അടക്കമുള്ളവ വിശദീകരിക്കുന്നുണ്ട്. സ്വീകരണ കേന്ദ്രങ്ങളിൽ ചലച്ചിത്ര പ്രവർത്തകരും സാംസ്കാരിക സാമൂഹിക പ്രവർത്തകരും വ്യവസായ പ്രമുഖരും മത സാമുദായിക നേതാക്കളും പങ്കെടുക്കുന്നുണ്ട്.
നാട്ടികയിലെ പൂവത്തൂരിൽനിന്നു തുടങ്ങി ചേർപ്പ്, മതിലകം, മാള എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുടയിൽ സമാപിച്ചു. തിങ്കളാഴ്ച കൊടകര മണ്ഡലത്തിലെ നന്തിക്കരയിലും ചാലക്കുടിയിൽ ഇൻഡോർ സ്റ്റേഡിയത്തിലും സ്വീകരണശേഷം ജില്ലയിലെ പര്യടനം പൂർത്തിയാക്കി എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
ഇരിങ്ങാലക്കുട: ജാഥക്ക് മുനിസിപ്പല്‍ മൈതാനിയില്‍ നല്കിയ സ്വീകരണത്തില്‍ സാഹിത്യകാരൻ അശോകന് ചെരുവില്‍ അധ്യക്ഷത വഹിച്ചു. ജാഥ മാനേജര്‍ പി.കെ. ബിജു, ജാഥാംഗങ്ങളായ സി.എസ്. സുജാത, കെ.ടി. ജലീല്‍, എം. സ്വരാജ്, ജെയ്ക് സി. തോമസ്, ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്.
ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു, മുന്‍ എം.എല്‍.എ പ്രഫ. കെ.യു. അരുണന്, മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന് ഗുരുക്കള്‍, സി.പി.എം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, സി.പി.എം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.