തൃശൂർ: ജില്ലയിൽ കെ-റെയിൽ സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനം ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങി. 148.6745 ഹെക്ടർ ഭൂമിയിലൂടെയാണ് സിൽവർ ലൈൻ. 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് നിർദേശിച്ച് റവന്യുവകുപ്പ് സ്പെഷൽ സെക്രട്ടറി കെ. ബിജു ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കല്ലിടൽ തുടങ്ങിയത് തടഞ്ഞും പ്രതിഷേധം തുടങ്ങിയിരുന്നു. തൃശൂർ നഗര പ്രദേശമുൾപ്പെടെ കല്ലിട്ടിരുന്നത് പിഴുത് മാറ്റുകയും ചെയ്തിരുന്നു.
കുന്നംകുളം പഴഞ്ഞിയിൽ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൈയേറ്റം വരെ എത്തിയിരുന്നു. മേധാപട്കർ അടക്കം എത്തി ജില്ലയിൽ കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികളും തുടങ്ങിയിരിക്കെയാണ് സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. 1961ലെ കേരള സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പ് അനുസരിച്ച് വിജ്ഞാപനം പുറത്തിറക്കിയ ശേഷമാണ് അതിരടയാള കല്ലിടല്‍ ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്ത ഹരജിയിൽ ഹൈകോടതി കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ല് സ്ഥാപിക്കുന്നത് തടഞ്ഞിരിക്കുകയാണ്. അതിരടയാള കല്ലിടലിന് സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന 11 ജില്ലകളിലും വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് സാമൂഹിക ആഘാത പഠനം.
നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന്റെ നാല് (ഒന്ന്) വകുപ്പു പ്രകാരമുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചത്. പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതു ഇടങ്ങള്‍ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര എന്നിങ്ങനെയാണ് സാമൂഹിക ആഘാത പഠനത്തിന് വിധേയമാക്കുന്നത്.
സാമൂഹിക ആഘാത പഠനം നടത്തി കരട് പ്രസിദ്ധീകരിച്ച് പൊതു ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ പദ്ധതി ബാധിതര്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരമുണ്ടാകുമെന്നാണ് വിശദീകരണം. അതിനു ശേഷമാണ് റിപ്പോര്‍ട്ട് അന്തിമമാക്കുന്നത്. ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഇതെല്ലാം പരിഗണിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂവെന്നാണ് സർക്കാർ വിശദീകരണം. ജില്ലയിൽ ചാലക്കുടി, മുകുന്ദപുരം, കുന്നംകുളം, തൃശൂർ താലൂക്കുകളിലൂടെയാണ് കെ-റെയിൽ കടന്നു പോകുന്നത്. തൃശൂരിൽ നിലവിലെ റെയിൽവേ സ്റ്റേഷന്റെ ആദ്യ രണ്ട് പാതയോട് ചേർന്നാണ് തൃശൂരിലെ സ്റ്റേഷൻ വരിക.
ചാലക്കുടി താലൂക്ക്: ആലത്തൂർ, ആളൂർ, അന്നല്ലൂർ, കടുകുറ്റി, കല്ലേറ്റുംകര, കല്ലൂർ തെക്കുമുറി, താഴെക്കാട്.
കുന്നംകുളം താലൂക്ക്: ചെമ്മന്തട്ട, ചേരാനെല്ലൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എരനെല്ലൂർ, പഴഞ്ഞി, പോർക്കളം.
മുകുന്ദപുരം താലൂക്ക്: ആനന്ദപുരം, കടുപ്പശേരി, മാടായിക്കോണം, മുരിയാട്, പൊറത്തിശേരി.
തൃശൂർ താലൂക്ക്: അഞ്ഞൂർ, അവണൂർ, ചേർപ്പ്, ചെവ്വൂർ, ചൂലിശേരി, കൈപ്പറമ്പ്, കണിമംഗലം, കൂർക്കഞ്ചേരി, കുറ്റൂർ, ഊരകം,പല്ലിശേരി, പേരാമംഗലം, പൂങ്കുന്നം, തൃശൂർ, വെങ്ങിണിശേരി, വിയ്യൂർ.
തൃശൂർ: സാമൂഹികാഘാത പഠനമെന്ന പേരിൽ കെ-റയിലിനു വേണ്ടി സ്വകാര്യ ഏജൻസി നടത്തുന്ന സർവേ ബഹിഷ്കരിക്കാൻ കെ-റയിൽ സിൽവർ വിരുദ്ധ ജില്ല കമ്മിറ്റി തീരുമാനിച്ചു. സാമൂഹികാഘാത പഠനമെന്ന പേരിൽ നടക്കുന്നത് വെറും വിവര ശേഖരണം മാത്രമാണ്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. 75ഓളം ചോദ്യങ്ങളുള്ള രേഖയിൽ പദ്ധതി ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലുമില്ല.
നിർദിഷ്ട പാതയുടെ അലൈൻമെന്റിൽപെടുന്ന ഒരാളോടും എത്ര ഭൂമി ഏറ്റെടുക്കുമെന്നോ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നോ സംബന്ധിച്ച യാതൊരറിയിപ്പും സർക്കാർ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചിട്ടില്ല. ഇതൊന്നും അറിയാതെ മറുപടി നൽകാൻ കഴിയാത്ത ചോദ്യാവലിയുമായാണ് ഏജൻസികൾ ഭൂവുടമകളെ സമീപിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.