തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് പ്രവർത്തിച്ചിരുന്നത് നാഥനില്ലാ കളരിയായി. ബാങ്കിെൻറ അവസാന ഓഡിറ്റ് റിപ്പോർട്ടിൽ സാമ്പത്തിക അനാസ്ഥ അക്കമിട്ട് നിരത്തുകയാണ്. കോടികളുടെ ക്രമക്കേട് കണ്ടെത്തിയ ജോ. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ ഓഡിറ്റ് റിപ്പോർട്ടും ഇടം നേടിയിട്ടുണ്ട്. 80 ശതമാനം വായ്പ അപേക്ഷകളിലും അപേക്ഷകരുടെ വിവരവും പ്രസിഡൻറിെൻറ ഒപ്പുമില്ല. 90 ശതമാനം വായ്പകളിലും വസ്തു പരിശോധന നടത്തിയത് മാനേജർ കെ.എം. ബിജു മാത്രമാണ്.
ഭൂമിയുടെ യഥാർഥ ഉടമയുടെ സമ്മതപത്രവും ഒപ്പുമില്ലാതെ 70 ശതമാനം അപേക്ഷകളിൽ വായ്പ നൽകിയിട്ടുണ്ട്. 30 ശതമാനത്തിലധികം അപേക്ഷകളിൽ ആധാരമില്ലാതെയുമാണ്. വായ്പ നിലനിൽക്കേ 20 ശതമാനം വസ്തുക്കളും വിറ്റുപോയതായി ഓഡിറ്റിൽ വ്യക്തമാക്കുന്നു.
5672 നമ്പറിലുള്ള വായ്പക്ക് ഒരു രേഖയുമില്ല. ഏത് അക്കൗണ്ടിലേക്കാണ് തുക പോയിരിക്കുന്നതെന്നും വ്യക്തമല്ല. ബാങ്ക് മാനേജറായ കെ.എം. ബിജുവിെൻറ സഹോദരൻ ഈട് വെച്ച് 50 ലക്ഷം വായ്പയെടുത്തതിൽ ആധാരം ബാങ്കിൽ കാണാനില്ല. ബിജുവിെൻറ പിതാവ് അബ്ദുൽ കരീമിെൻറ 19.4 ആർ സ്ഥലം പണയപ്പെടുത്തി അഞ്ച് വ്യക്തികളുെട പേരിൽ 2.5 കോടി വായ്പയെടുത്തതായും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജാമ്യവസ്തു പരിശോധനയിൽ പ്രസിഡൻറും ഭരണസമിതിയും വീഴ്ച വരുത്തിയതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. 100 കോടിയിലധികം രൂപയുടെ വായ്പ ക്രമക്കേടുണ്ടായിട്ടുണ്ടെന്നാണ് ജോ. രജിസ്ട്രാറുടെ പ്രാഥമിക റിപ്പോർട്ട്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഓഡിറ്റുകളിലുമുള്ളത്.
യൂത്ത് കോൺഗ്രസ് ധർണ
തൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ പണം തട്ടിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊറത്തിശേരി മണ്ഡലം പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഷാേൻറാ പള്ളിത്തറ അധ്യക്ഷത വഹിച്ചു.
സി.പി.എം നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല–എം.പി. വിൻസെൻറ്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതിയുടെ വിവിധ ഇടപെടലിെൻറ ഇരയാണ് ആത്മഹത്യ ചെയ്യേണ്ടിവന്ന മുൻ പൊറത്തിശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ ടി.എം. മുകുന്ദനെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ആത്മഹത്യകൾ സൃഷ്ടിക്കുകയാണ്. ഇതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് ഒഴിഞ്ഞുമാറാനാവില്ല. തിങ്കളാഴ്ച മുകുന്ദപുരം എ.ആർ ഓഫിസിലേക്കും ചൊവ്വാഴ്ച അയ്യന്തോളിലെ ജെ.ആർ ഓഫിസിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് വിൻസെൻറ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും. മുകുന്ദെൻറ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
കേന്ദ്ര ഏജൻസി അന്വേഷിക്കണം -ഉണ്ണിയാടൻ
തൃശൂർ: 300 കോടിയിലധികം വായ്പ -നിക്ഷേപത്തട്ടിപ്പ് നടത്തുകയും ഇടത് നേതാക്കൾ പങ്കാളികളാവുകയും ചെയ്ത കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. ബാങ്കിന് മുന്നിൽ കേരള കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.പി. പോളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ജില്ല വൈസ് പ്രസിഡൻറ് ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ പി.ടി. ജോർജ് എന്നിവർ സംസാരിച്ചു.
karuvannur cooperative bank
കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത പൊറത്തിശ്ശേരി പഞ്ചായത്ത് മുന്‍ അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ടി.എം. മുകുന്ദൻ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ശവപ്പെട്ടിയും റീത്തുമായി സമരം നടത്തി. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.
നിരവധി പേർക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി ആക്ഷേപം; ബാങ്കിനെതിരെ പ്രതിഷേധം
തൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് നിരവധിയാളുകൾക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി ആക്ഷേപം. മാസങ്ങൾക്ക് മുമ്പേയാണ് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ജപ്തി പാടില്ലെന്ന സർക്കാർ നിർദേശമുള്ളതിനാൽ ഇതിെൻറ ഇളവ് പ്രതീക്ഷിച്ച് കഴിയുകയാണത്രെ. കോവിഡ് കാലമായതിനാൽ പണം തിരിച്ചടക്കാൻ സർക്കാർ ഇളവ് നൽകിയതിനാൽ പലരും ജപ്തി നോട്ടീസിനെ മാറ്റിവെച്ചിരിക്കുകയായിരുന്നു. മുകുന്ദൻ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതോടെയാണ് പലരും ഇക്കാര്യം പറയുന്നത്.
80 ലക്ഷവും പലിശയും തിരിച്ചടക്കാനാണ് മുകുന്ദന് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. 50 ലക്ഷം സ്വന്തം നിലയിലും 30 ലക്ഷം മറ്റുള്ളവരുടെ ജാമ്യത്തിലും വായ്പയെടുത്തിട്ടുണ്ടെന്നാണ് ബാങ്ക് വിശദീകരണം. എന്നാൽ, ആദ്യം 10 ലക്ഷവും പിന്നീട് 15 ലക്ഷവുമാണ് എടുത്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വായ്പ തുക സംബന്ധിച്ച് പരിശോധിക്കാനാണ് വായ്പക്കാർ ആവശ്യപ്പെടുന്നത്. നിക്ഷേപകരും കടുത്ത ആശങ്കയിലാണ്. നിക്ഷേപിച്ച പണം എത്രതന്നെയായാലും ഒരു ദിവസം ഒരു വ്യക്തിക്ക് 10,000 രൂപ വെച്ച് മാത്രമാണ് ബാങ്കിന് ഇപ്പോൾ കൊടുക്കാൻ സാധിക്കുന്നത്. അതും ടോക്കൺ വച്ച് 30 പേർക്ക് മാത്രം ആയി നിജപ്പെടുത്തിയിരിക്കുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ച് 23 കോടി വരെ ഒരു അക്കൗണ്ടിലേക്ക് 46 വായ്പകളായി ബാങ്ക് കൊടുത്തിട്ടുണ്ടെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ ബാങ്ക് സസ്പെൻഡ് ചെയ്ത പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് 2019 ഡിസംബറിൽ നൽകിയ പരാതിയിൽ പൊലീസും സഹകരണ വകുപ്പും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ബാങ്കിെൻറ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻററിെൻറ ചുമതലയുണ്ടായിരുന്ന ജീവനക്കാരനും സി.പി.എം കണ്ടാരംതറ ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്ന എം.വി. സുരേഷിെൻറ നേതൃത്വത്തിലാണ് ബാങ്കിലെ തിരിമറികൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ഐ.ജിക്ക് പരാതി നൽകിയിരുന്നത്. എസ്.പിക്കും ഇരിങ്ങാലക്കുട പൊലീസിനും പരാതി കൈമാറിയെങ്കിലും പരാതിക്കാരുടെ മൊഴിയെടുക്കുക മാത്രമാണുണ്ടായത്. മുൻ സഹകരണ മന്ത്രിയോടും പരാതിപ്പെട്ടിരുന്നു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. പാർട്ടി തലത്തിൽ ഉയർന്ന പരാതിയെ തുടർന്ന് സി.പി.എം നടത്തിയ അന്വേഷണത്തിലും ബാങ്കിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ബാങ്കിെൻറ ചുമതലയുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമെടുത്തിരുന്നുവെങ്കിലും ക്രമക്കേടിൽ നിയമനടപടികളിലേക്കും തുടർ നടപടികളിലേക്കും കടക്കാതിരുന്നതാണ് ഇപ്പോൾ ഗുരുതരമാവാൻ കാരണം.
സ്വർണവും ഭൂമിയും പണയം വെച്ചവർ ആധിയിൽ
സ്വർണപ്പണ്ടം പണയം വെച്ചവരും ആധിയിലാണ്. വിശദമായ അന്വേഷണം നടക്കുമ്പോള്‍ മാത്രമേ അതിൽ തിരിമറി നടന്നിട്ടുണ്ടോ എന്ന് പുറത്തു വരുകയുള്ളൂ. ആരുടെയെല്ലാം ആധാരത്തിലൂടെയാണ് വായ്പ വെട്ടിപ്പ് നടന്നതെന്ന് അറിയാനുള്ള വ്യഗ്രതയിലാണ് ഭൂമി പണയം വെച്ചവര്‍.
കുഞ്ഞെൻറ നിക്ഷേപം രണ്ടു ലക്ഷം; കിട്ടിയത് പത്തിലൊന്ന്
കരുവന്നൂർ ബാങ്കിൽ രണ്ടു ലക്ഷം രൂപ നിക്ഷേപിച്ച വയോധികനായ കുഞ്ഞന്‍ ദിവസങ്ങളായി ബാങ്കിനെ സമീപിച്ചിട്ടും തിരിച്ചുകിട്ടിയത് 20,000 രൂപ. താന്‍ കുറെ നാളായി പണത്തിന് വേണ്ടി ബാങ്കിനെ സമീപിക്കുകയാണെന്ന് മാപ്രാണം ശാഖയിൽ 10,000 രൂപ കിട്ടാനുള്ള ടോക്കണുമായി എത്തി വരിയിൽ നിൽക്കുകയായിരുന്ന കുഞ്ഞൻ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ നിക്ഷേപകരും ഇതേ അവസ്ഥയിലാണ്.
ശക്തമായ പ്രതിഷേധമുണ്ടെങ്കിലും ആരും തുറന്നുപറയാന്‍ തയാറാകുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടില്ല.
നിക്ഷേപം പിൻവലിക്കാൻ തിരക്ക്; നിയന്ത്രിച്ച് ബാങ്ക്
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിന് മുന്നില്‍ ശക്തമായ പൊലീസ് സന്നാഹം. ഹെഡ് ഓഫിസിലും ബ്രാഞ്ചുകളിലും നിക്ഷേപം പിൻവലിക്കാൻ ഇടപാടുകാർ നിരന്തരം എത്തുന്നുണ്ട്. നിക്ഷേപിച്ച തുക നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇടപാടുകാർ. ഒരു അക്കൗണ്ടില്‍നിന്ന് ഒരാഴ്ച 10,000 രൂപ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ബാങ്കിന് പുറത്ത് എഴുതിവെച്ചിട്ടുണ്ട്. ടോക്കണ്‍ സമ്പ്രദായത്തിലാണ് പണം കൊടുക്കുക. തിങ്കളാഴ്ച അഞ്ച് ദിവസത്തേക്കുള്ള ടോക്കൺ നൽകും. അതില്‍ പണം ലഭിക്കുന്ന ദിവസവും സമയവും രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.