കോടാലി: കൊടകര-വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡില്‍ കിഴക്കേ കോടാലി നിലംപതിയിൽ കലുങ്കുപാലത്തിനടുത്തുള്ള കരിങ്കൽക്കെട്ട് ഇടിഞ്ഞത് അപകട ഭീഷണിയായി. റോഡരിക് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ലാതായിരിക്കുകയാണ്. കോടാലി ഭാഗത്തേക്കുള്ള പ്രധാന കുടിവെള്ള വിതരണ പൈപ്പും മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്.
കോടാലി പൂവാലിത്തോട് പാലത്തിനും നിലംപതി പാലത്തിനും ഇടയിലുള്ള കൈത്തോടിന്റെ വശങ്ങള് വര്‍ഷങ്ങളായി ദുര്‍ബലാവസ്ഥയിലാണ്. മുരുക്കുങ്ങല്‍ ഭാഗത്തേക്കുള്ള റോഡിലും ഫ്രൻഡ്സ് നഗറിലേക്കുള്ള റോഡിലും നിലംപതിയിലുമായി മൂന്നു ചെറിയ പാലങ്ങള്‍ ഇവിടെയുണ്ട്. കരിങ്കൽക്കെട്ട് ഇടിഞ്ഞതോടെ ഈ പാലങ്ങളുടെ നിലനിൽപ് കൂടുതൽ അപകടാവസ്ഥയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ മഴക്കാലത്ത് പൂവാലിത്തോട് പരിസരത്തെ സർവിസ് സ്റ്റേഷൻ റോഡിലുള്ള പാലത്തിന്റെ സ്ലാബിനോടു ചേര്‍ന്ന് കരിങ്കൽക്കെട്ട് ഇടിഞ്ഞിരുന്നു. ഫ്രൻഡ്സ് നഗറിലെ പാലത്തിനോട് ചേർന്ന് കഴിഞ്ഞ വർഷവും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇപ്പോൾ ഈ ഭാഗങ്ങൾ കൂടുതലായി ഇടിഞ്ഞ നിലയിലാണ്.
തോടിന്റെ വശങ്ങളും പാലങ്ങളും അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് പലവട്ടം നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും റോഡരിക് കെട്ടി സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഉണ്ടായില്ല. കൊടകര-വെള്ളിക്കുളങ്ങര റോഡിന്റെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള അഞ്ചു കിലോമീറ്ററോളം ദൂരം മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്ന പണികള്‍ നടത്തുമ്പോള്‍ ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മെക്കാഡം ടാറിങ് നടത്തുന്നതിനുള്ള നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ അപകട ഭീഷണി ഒഴിവാക്കാനായി ഇവിടെ ഉടൻ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.